കുവൈറ്റ് സിറ്റി: പ്രശസ്തമായ അൽ-മുബാറകിയ മാർക്കറ്റിൽ പരിസ്ഥിതി നിയമലംഘനങ്ങൾ തടയുന്നതിനായി സെക്യൂരിറ്റി ഡയറക്ടറേറ്റ്സ് അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള എൺവയോൺമെന്റൽ പോലീസ് വിഭാഗം ശക്തമായ പരിശോധന നടത്തി. വ്യക്തികൾക്കെതിരെ പുകവലിച്ചതിന് 30 ലംഘനങ്ങളും പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ഒരു ലംഘനവും രജിസ്റ്റർ ചെയ്തു. കൂടാതെ ഉപഭോക്താക്കൾക്ക് സ്ഥാപനത്തിനുള്ളിൽ പുകവലിക്കാൻ സൗകര്യമൊരുക്കിയ ഒരു സ്ഥാപനത്തിനെതിരെയും കേസ് എടുത്തു. നിയമലംഘകർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കുന്നതിനും പൊതുശുചിത്വവും സാംസ്കാരിക പ്രതിച്ഛായയും നിലനിർത്തുന്നതിനും ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രചാരണമെന്ന് മന്ത്രാലയം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.അടച്ചതും ഭാഗികമായി അടച്ചതുമായ പൊതുസ്ഥലങ്ങളിലെ പുകവലിയും നിശ്ചിതയിടങ്ങളിലല്ലാതെ മാലിന്യങ്ങൾ വലിച്ചെറിയുന്നതും തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ മിന്നൽ പരിശോധനയെന്നും മന്ത്രാലയം വ്യക്തമാക്കി.



