കുവൈത്ത് സിറ്റി, സെപ്റ്റംബർ 1: വേനൽക്കാലത്ത് തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഉച്ചസമയത്തെ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധനം അവസാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു.ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ, ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 4 മണിവരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതിനായിരുന്നു നിരോധനം. സെപ്റ്റംബർ 1 മുതൽ ഈ നിയന്ത്രണം അവസാനിച്ചതോടെ സാധാരണ ജോലി സമയക്രമം പുനരാരംഭിക്കാം.
നിർമാണ മേഖല ഉൾപ്പെടെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത വേനൽച്ചൂടിന്റെ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഈ നിയന്ത്രണം നടപ്പാക്കുന്നത്.അതേസമയം, തൊഴിലിടങ്ങളിലെ തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് PAM വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന കമ്പനികൾക്കും തൊഴിലുടമകൾക്കുമെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



