കുവൈത്ത് സിറ്റി, സെപ്റ്റംബർ 2: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. മേഖലയിൽ നിലവിലുള്ള സാഹചര്യം അപ്രതീക്ഷിതമായി കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കി.സെപ്റ്റംബർ ഒന്നിന് പുറത്തിറക്കിയ സുരക്ഷാ അറിയിപ്പിൽ, മേഖലയിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ വിമാന സർവീസുകളിലുണ്ടാകാവുന്ന തടസ്സങ്ങൾക്കും മാറ്റങ്ങൾക്കും തയ്യാറായിരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കൽ, വ്യോമപാത അടച്ചിടൽ തുടങ്ങിയ യാത്രാ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി.
കുവൈത്തിൽ നിന്ന് യാത്ര ചെയ്യാനോ രാജ്യത്തേക്ക് എത്താനോ പദ്ധതിയിടുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും യാത്രാ പദ്ധതികളിൽ പെട്ടെന്നുണ്ടാകാവുന്ന മാറ്റങ്ങൾക്ക് തയ്യാറായിരിക്കാനും അമേരിക്കൻ പൗരന്മാരോട് എംബസി അഭ്യർത്ഥിച്ചു.



