കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ ഇറാൻ ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും കുവൈത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817-ന്റെയും ഗുരുതരമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ഇത്തരം ആക്രമണങ്ങൾ തുടരുന്നത് ശത്രുതാപരമായ സമീപനത്തിന്റെ പ്രതിഫലനമാണെന്നും മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ സംഘർഷ വർധനവാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. സംഘർഷം കുറയ്ക്കുന്നതിനും മേഖലയിൽ പിരിമുറുക്കം ലഘൂകരിക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളെ ഇത്തരം നടപടികൾ ആസൂത്രിതമായി ദുർബലപ്പെടുത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കുവൈത്തിന്റെ ഭൂപ്രദേശങ്ങളെയും സുപ്രധാന സ്ഥാപനങ്ങളെയും ഏത് ആക്രമണത്തിൽ നിന്നും ഭീഷണിയിൽ നിന്നും പ്രതിരോധിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇത്തരം നടപടികളെന്നും മന്ത്രാലയം വ്യക്തമാക്കി.



