കുവൈറ്റ്സിറ്റി: തന്റെ വീടിന് നേരെ തിരിച്ചുവെച്ച് സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച് അയൽവാസിയുടെ വസ്തുവിൽ അതിക്രമിച്ച് കയറി സിസിടിവി ക്യാമറ ഊരിയെടുത്ത പൗരനെതിരെ പോലീസ് കേസെടുത്തു. സിസിടിവി സ്ഥാപിച്ച വ്യക്തിയുടെ പരാതിയെ തുടർന്ന് വിഷയം പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. അയൽവാസി തന്റെ ദി വാനിയയുടെ മേൽക്കൂരയിൽ കയറി വസതിക്കുള്ളിൽ അതിക്രമിച്ച് പ്രവേശിക്കുകയും ക്യാമറ ഊരിയെടുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരന്റെ ആരോപണം. മോഷണം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പരാതി നൽകിയിരിക്കുന്നത്.തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ, താൻ ക്യാമറ ഊരിയെടുത്ത കാര്യം പ്രതി സമ്മതിച്ചു.
എന്നാൽ ക്യാമറ തന്റെ വീടിനുള്ളിലേക്ക് ദൃശ്യങ്ങൾ ലഭിക്കുന്ന രീതിയിലാണ് സ്ഥാപിച്ചിരുന്നതെന്നും, ഇത് കുടുംബത്തിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായതിനാലാണ് ക്യാമറ നീക്കം ചെയ്തതെന്നും ഇയാൾ അവകാശപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഡെപ്യൂട്ടി പബ്ലിക് പ്രൊസിക്യൂട്ടർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (CID) നിർദ്ദേശം നൽകി. പ്രതി അനുമതിയില്ലാതെ അതിക്രമിച്ചു കയറിയോ, ക്യാമറ കവർന്നോ, മറ്റ് കേടുപാടുകൾ വരുത്തിയോ എന്നതടക്കമുള്ള കാര്യങ്ങൾ സമഗ്രമായി പരിശോധിക്കും. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക.



