കുവൈറ്റ് സിറ്റി: രാജ്യത്ത് ഈ വർഷത്തെ ശീതകാല വാക്സിനേഷൻ കാമ്പയിന് തുടക്കമായി. ഹിത്തീനിലെ മുബാറക് അൽ-ഹസാവി സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുജനാരോഗ്യ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ മുൻദിർ അൽ ഹസാവിയും ചടങ്ങിൽ പങ്കെടുത്തു. ശീതകാലത്തുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും, ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളവരിലെ സങ്കീർണ്ണതകൾ കുറയ്ക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിൻ.
സീസണൽ ഇൻഫ്ലുവൻസയ്ക്കുള്ള വാക്സിനും, ന്യുമോണിയ പ്രതിരോധത്തിനായുള്ള വാക്സിനുകളുമാണ് കാമ്പയിനിലൂടെ നൽകുന്നത്. രാജ്യത്തെ വിവിധ ഹെൽത്ത് സോണുകളിലുള്ള 90 ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലും സ്വദേശികൾക്കും പ്രവാസികൾക്കും ഈ വാക്സിനുകൾ ലഭ്യമാണ്. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർ ഈ സമയത്ത് വാക്സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ശീതകാല ശ്വാസകോശ രോഗങ്ങൾക്കെതിരെയുള്ള ആദ്യ പ്രതിരോധ മതിലാണ് വാക്സിനേഷനുകളെന്ന് ഇൻഫെക്ഷ്യസ് ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് തലവൻ ഡോ. ഹമദ് ബസ്താക്കി പറഞ്ഞു. രോഗബാധയുടെ തീവ്രതയും മറ്റ് സങ്കീർണ്ണതകളും കുറയ്ക്കാനും, ആശുപത്രിവാസത്തിന്റെ ആവശ്യകത ഒഴിവാക്കാനും വാക്സിനുകൾ സഹായിക്കും. കൂടുതൽ ഹെൽത്ത് സെന്ററുകളിലൂടെ എല്ലാ ജനങ്ങളിലേക്കും പ്രതിരോധ മരുന്നുകൾ വേഗത്തിൽ എത്തിക്കുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



