കുവൈറ്റ് സിറ്റി: പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്കായി രാജ്യത്തെ സ്കൂൾ ആരോഗ്യ സേവനങ്ങൾ പൂർണ്ണ സജ്ജമായതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി 946 സ്കൂൾ ക്ലിനിക്കുകളും 1,265 മെഡിക്കൽ-നഴ്സിംഗ് ജീവനക്കാരെയും ഉൾപ്പെടുത്തി സംയോജിത സംവിധാനമാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.സർക്കാർ സ്കൂളുകൾ, മതപാഠശാലകൾ, ഭിന്നശേഷി സൗഹൃദ സ്കൂളുകൾ എന്നിവയ്ക്ക് പുറമെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ 8 സ്കൂൾ ഹെൽത്ത് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.
കുട്ടികളുടെ ആരോഗ്യ പരിശോധന, പുതിയ ഹെൽത്ത് ഫയലുകൾ ആരംഭിക്കൽ, വാക്സിനേഷൻ നൽകൽ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള പ്രതിരോധ-ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.വിവിധ ഗവർണറേറ്റുകളിലായി 72 ഡോക്ടർമാരെയും 1,193 നഴ്സിംഗ് ജീവനക്കാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. നഴ്സിംഗ് വിഭാഗത്തിൽ 1,027 പേരെ നേരിട്ട് സ്കൂളുകളിലും 166 പേരെ സ്കൂൾ ഹെൽത്ത് സെന്ററുകളിലുമാണ് സേവനത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ഡോ. അബ്ദുള്ള അൽ സനദ് വ്യക്തമാക്കി.



