കുവൈറ്റ് സിറ്റി: ആഗോള ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് സ്വദേശികൾ ഉൾപ്പെടെ 15-ഓളം പേരിൽ നിന്നായി രണ്ട് ലക്ഷത്തോളം കുവൈറ്റ് ദിനാർ (ഏകദേശം 5.5 കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ രണ്ട് പേർക്കെതിരെ കുവൈറ്റ് പോലീസ് നടപടി സ്വീകരിച്ചു. സംഭവത്തിൽ ഒരു ബിദൂൻ (രേഖകളില്ലാത്തയാൾ) യുവാവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്യുകയും ഒളിവിലുള്ള കുവൈറ്റ് പൗരനായ കൂട്ടുപ്രതിക്കായി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.
ആഗോള സാമ്പത്തിക വിപണിയിലെ നിക്ഷേപങ്ങളിലൂടെ പ്രതിമാസം 20 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സംഘം ഇരകളെ ആകർഷിച്ചത്. രണ്ട് വർഷത്തിന് ശേഷം വ്യവസ്ഥകൾക്ക് വിധേയമായി അസൽ തുക തിരികെ പിൻവലിക്കാമെന്നും വിശ്വസിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് കൃത്യമായി ലാഭവിഹിതം നൽകിയിരുന്നെങ്കിലും പിന്നീട് ഇത് നിലച്ചു. നൽകിയ പണം തിരികെ ചോദിച്ചപ്പോൾ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പണം വിവിധ നിക്ഷേപങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് ഇവർ മറുപടി നൽകിയത്.
തട്ടിപ്പിനിരയായവർ ഷാർഖ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പബ്ലിക് പ്രൊസിക്യൂഷൻ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ സുരക്ഷാ സേന ബിദൂൻ പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് താമസസ്ഥലത്തുനിന്ന് ഒളിവിൽ പോയ കുവൈറ്റ് പൗരനായ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



