കുവൈറ്റ്സിറ്റി: പ്രാദേശിക ബാങ്കുകളിലെ താല്ക്കാലിക അധിക പണശേഖരം കൈകാര്യം ചെയ്യുന്നതിനുള്ള രീതിയിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി കുവൈറ്റ്. ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ വരും ജനുവരി തുടക്കത്തോടെയോ ബാങ്കുകളുടെ കൈവശമുള്ള താല്ക്കാലിക പണശേഖരം മൂന്നാം കക്ഷി ഏജൻസികളായ മണി ട്രാൻസ്ഫർ, സ്റ്റോറേജ് കമ്പനികളിൽ സൂക്ഷിക്കുന്നത് അവസാനിപ്പിക്കും. ബാങ്കുകൾ തങ്ങളുടെ പണം പുറത്തുള്ള ഏജൻസികളിൽ സൂക്ഷിക്കുന്ന നിലവിലെ രീതിയാണ് ഇതോടെ അവസാനിക്കുന്നത്.
പ്രതിദിന പണലഭ്യത പ്രധാനമായും രണ്ട് വിഭാഗങ്ങളായാണ് കണക്കാക്കുന്നത്. എടിഎമ്മുകളിൽ നിറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന തുകയാണ് ഒന്നാമത്തേത്; ഈ വർഷം ആരംഭിച്ചത് മുതൽ കഴിഞ്ഞ ജൂലൈ അവസാനം വരെ ഇത്തരത്തിൽ 494.23 കോടി (4.9423 ബില്യൺ) ദിനാറാണ് വിതരണം ചെയ്തത്. ബാങ്ക് ശാഖകളിൽ നിന്ന് എത്തുന്ന നിക്ഷേപ തുകകളാണ് രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
പണ പരിപാലനവും സുരക്ഷയും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പദ്ധതികൾ പ്രാദേശിക ബാങ്കുകൾ സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന് സമർപ്പിച്ചു. ഈ വർഷാവസാനത്തോടെ പുതിയ വ്യവസ്ഥകൾ നടപ്പിലാക്കാൻ സജ്ജമാണെന്ന് ഭൂരിഭാഗം ബാങ്കുകളും അറിയിച്ചിട്ടുണ്ട്. ഇതോടെ 2027 മുതൽ ബാങ്കുകൾക്ക് ലഭ്യമാകുന്ന അധിക പണം സ്വന്തം മന്ദിരങ്ങളിലുള്ള പ്രത്യേക സുരക്ഷിത വോൾട്ടുകളിൽ തന്നെ സൂക്ഷിക്കാൻ സാധിക്കും.



