കുവൈത്ത് സിറ്റി, സെപ്റ്റംബർ 20: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമായി ഇറാഖ് പൗരനെയും ബിദൂനെയും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു.കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി നടത്തിയ സംയുക്ത നീക്കത്തിലാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
കബ്ദ് മേഖലയിലെ കന്നുകാലി വളർത്തൽ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കൈവശത്തുനിന്നാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പിടിച്ചെടുത്ത മയക്കുമരുന്ന് തങ്ങളുടേതാണെന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നും ഇരുവരും സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിലൂടെ മയക്കുമരുന്ന് കടത്ത് ശൃംഖലകളെ കണ്ടെത്താനും രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാനും ശക്തമായ നടപടികൾ തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



