കുവൈത്ത് സിറ്റി: കുവൈത്തിലെ നാല് പ്രദേശങ്ങളിൽ നാളെ വ്യാഴാഴ്ച രാത്രി മുതൽ 10 മണിക്കൂർ ജലവിതരണത്തിൽ തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ദോഹ വാട്ടർ ഡിസ്ട്രിബ്യൂഷൻ കോംപ്ലക്സിലെ ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി 9 മണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ വെള്ളിയാഴ്ച രാവിലെ 7 മണിവരെ തുടരും.അർദിയ, സബാഹ് അൽ നാസർ, ഫിർദൗസ്, ഇഷ്ബിലിയ എന്നീ നാല് പ്രദേശങ്ങളിലാണ് ജലവിതരണത്തിന്റെ സമ്മർദം കുറയാൻ സാധ്യതയുള്ളത്.അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ഈ പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ശുദ്ധജലവിതരണം ഭാഗികമായി തടസ്സപ്പെടുകയോ ജലത്തിന്റെ ഒഴുക്ക് കുറയുകയോ ചെയ്തേക്കാം.
ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തുടർച്ചയായ സേവനം ഉറപ്പാക്കുന്നതിനുമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.ഈ പ്രദേശങ്ങളിലെ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അത്യാവശ്യ ഉപയോഗത്തിനുള്ള വെള്ളം മുൻകൂട്ടി സംഭരിച്ചുവയ്ക്കണമെന്നും നിർദേശിക്കുന്നു.
ജലവിതരണം പൂർണമായി തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ മന്ത്രാലയത്തിന്റെ അടിയന്തര ഹെൽപ്ലൈൻ നമ്പറായ 152-ൽ ബന്ധപ്പെടാവുന്നതാണ്. അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് പൊതുജനങ്ങളുടെ സഹകരണവും ധാരണയും ഉണ്ടാകണമെന്ന് വൈദ്യുതി, ജല മന്ത്രാലയം അഭ്യർത്ഥിച്ചു.



