കുവൈത്ത് സിറ്റി: കുവൈത്തിലെ അലി സബാഹ് അൽ സാലം പ്രദേശത്ത് സ്കൂൾ മതിലിൽ എഴുതി പൊതുമുതൽ നശിപ്പിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പ്രത്യേക വാട്സ്ആപ്പ് നമ്പറിലേക്ക് ലഭിച്ച പരാതിയോടൊപ്പമാണ് സ്കൂൾ മതിലിൽ എഴുതുന്ന വ്യക്തിയുടെ വീഡിയോ ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചത്.തുടർന്ന് സുരക്ഷാ നിരീക്ഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ സ്കൂൾ മതിലിൽ എഴുതിയതായി ഇയാൾ സമ്മതിച്ചു.
നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.അതേസമയം, ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരം യുവാവിന്റെ കുടുംബാംഗങ്ങളെയും അധികൃതർ വിളിച്ചുവരുത്തി. തുടർന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ യുവാവിനെക്കൊണ്ടുതന്നെ മതിലിലെ എഴുത്തുകൾ മായ്ച്ച് വീണ്ടും പെയിന്റ് ചെയ്യിപ്പിച്ചു. ഇതോടെ സ്കൂൾ മതിൽ പഴയ നിലയിലേക്ക് പുനഃസ്ഥാപിച്ചു.
സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളും സർക്കാർ സ്വത്തുക്കളും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



