കുവൈത്ത് സിറ്റി: ജഹ്റ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന് മുന്നിൽ താനൊരു ഡോക്ടറാണെന്ന് അവകാശപ്പെട്ട ബെഡൂൺ വിഭാഗത്തിൽപ്പെട്ടയാളെ ആശുപത്രി സുരക്ഷാ ജീവനക്കാർ അൽ-നയീം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെക്കുറിച്ച് സുരക്ഷാ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ഇയാളോട് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടപ്പോഴാണ് 1983-ൽ ജനിച്ചയാളാണെന്ന് വ്യക്തമായത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ആരോഗ്യ മന്ത്രാലയത്തിലോ മറ്റ് ഏതെങ്കിലും ഔദ്യോഗിക ആരോഗ്യ കേന്ദ്രങ്ങളിലോ ജോലി ചെയ്യുന്നയാളല്ലെന്ന് തെളിഞ്ഞു. താനൊരു ഡോക്ടറാണെന്ന് അവകാശപ്പെട്ടതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ഇതൊരു തമാശ മാത്രമാണെന്നായിരുന്നു ഇയാളുടെ മറുപടി. തുടർന്ന് ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി അൽ-നയീം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.



