കുവൈത്ത് സിറ്റി: അമ്മ വിദേശയാത്ര നടത്തുന്നു എന്ന കാരണത്താൽ മാത്രം കുട്ടികളുടെ സംരക്ഷണാവകാശം എടുത്തുകളയാനാവില്ലെന്ന് കുവൈത്ത് അപ്പീൽ കോടതിയുടെ സുപ്രധാന വിധി.കുട്ടികളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട കുടുംബതർക്കത്തിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്.
അമ്മ വിദേശത്തേക്ക് യാത്ര ചെയ്യുന്നത് മാത്രം കുട്ടികളുടെ സംരക്ഷണച്ചുമതല നിർവഹിക്കാൻ അവർ അയോഗ്യയാണെന്ന് തെളിയിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.കുട്ടികളുടെ ക്ഷേമവും സുരക്ഷയും താൽപര്യങ്ങളുമാണ് സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രധാനമായി പരിഗണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.കേസിൽ അമ്മ വിദേശയാത്ര നടത്തിയെന്നും കോടതി നിർദേശിച്ച കുട്ടികളെ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ച് മുൻ ഭർത്താവാണ് കോടതിയെ സമീപിച്ചത്.
തുടർന്ന് കീഴ്ക്കോടതി അമ്മയുടെ സംരക്ഷണാവകാശം റദ്ദാക്കിയിരുന്നു. എന്നാൽ ഈ വിധിക്കെതിരെ അമ്മ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.അമ്മയുടെ അഭിഭാഷക അസീൽ അൽ സൈഫ് സമർപ്പിച്ച വാദങ്ങൾ പരിഗണിച്ച അപ്പീൽ കോടതി, സംരക്ഷണാവകാശം റദ്ദാക്കാൻ മതിയായ നിയമപരമായ കാരണങ്ങളില്ലെന്ന് കണ്ടെത്തി. ഇതോടെ കീഴ്ക്കോടതി വിധി റദ്ദാക്കുകയും മുൻ ഭർത്താവ് നൽകിയ കേസ് തള്ളുകയും ചെയ്തു.
അമ്മയുടെ സാഹചര്യങ്ങൾ കുട്ടികളുടെ താൽപര്യങ്ങൾക്ക് ദോഷകരമാണെന്നോ സംരക്ഷണാവകാശത്തിനുള്ള നിയമപരമായ വ്യവസ്ഥകൾ ലംഘിച്ചെന്നോ തെളിയിക്കാതെ കുട്ടികളെ അമ്മയിൽനിന്ന് മാറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി.കുട്ടികളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട കുടുംബകോടതി കേസുകളിൽ നിർണായക പ്രാധാന്യമുള്ള വിധിയായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.



