കുവൈത്ത്സിറ്റി: സ്റ്റാൻഫോർഡ് സർവകലാശാലയും എൽസെവിയറും സംയുക്തമായി പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും 2026-ലെ പട്ടികയിൽ കുവൈറ്റിൽ നിന്നുള്ള സർജറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ ഖലീഫ അൽ-സബാഹ്.ലോകമെമ്പാടുമുള്ള സർജറി വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ട 146,713 ഗവേഷകരിൽ 765-ാം സ്ഥാനത്താണ് ഷെയ്ഖ് ഡോ. സൽമാൻ അൽ-സബാഹ് ഇടംനേടിയത്.
ഇത് അദ്ദേഹത്തിന്റെ സ്പെഷ്യാലിറ്റിയിലെ ഗവേഷകരിൽ മുൻനിരയിലെ മികച്ച 0.52 ശതമാനത്തിൽ അദ്ദേഹത്തെ എത്തിക്കുന്നു. സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ജോൺ ഇയോണിഡിസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം സ്കോപ്പസ് ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലാണ് ഈ ശാസ്ത്രീയ പട്ടിക തയ്യാറാക്കിയത്. പ്രസിദ്ധീകരിച്ച ഗവേഷണങ്ങളുടെ എണ്ണം മാത്രമല്ല, അവയ്ക്കുള്ള അവലംബങ്ങൾ, എച്ച്-ഇൻഡക്സ്, ഗവേഷണ പങ്കാളിത്തത്തിന്റെ വ്യാപ്തി തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്.



