കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭരണ പ്രദർശനത്തിനിടെ ഏകദേശം 7,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. മോഷണം പോയ മുഴുവൻ ആഭരണങ്ങളും പ്രതിയുടെ താമസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
പ്രദർശനത്തിൽ ഒരു ആഭരണ ബ്രാൻഡിന്റെ സ്റ്റാൾ വാടകയ്ക്കെടുത്ത് വ്യാപാരം നടത്തിയിരുന്ന ഗൾഫ് സ്വദേശിനിയാണ് ആഭരണങ്ങൾ കാണാതായതായി പോലീസിൽ പരാതി നൽകിയത്.പ്രദർശനത്തിലെ തിരക്ക് മുതലെടുത്തായിരുന്നു മോഷണം. ആഭരണങ്ങൾ വാങ്ങാനെത്തിയ ഉപഭോക്താവെന്ന വ്യാജേന സ്റ്റാളിലെത്തിയ പ്രതി, ജീവനക്കാരുടെ ശ്രദ്ധ മാറുന്ന സമയങ്ങളിൽ ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഹവല്ലി ഗവർണറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥർ ആധുനിക സാങ്കേതിക സംവിധാനങ്ങളും ബയോമെട്രിക് വിരലടയാള പരിശോധനയും ഉപയോഗിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് യുവതി ഉപയോഗിച്ചിരുന്ന വാഹനവും കണ്ടെത്തി.പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ പിടികൂടുകയായിരുന്നു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി മോഷണക്കുറ്റം സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.തുടർന്ന് പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഏകദേശം 7,000 ദിനാർ വിലമതിക്കുന്ന മുഴുവൻ ആഭരണങ്ങളും കണ്ടെടുത്തു.
അറസ്റ്റിലായ യുവതിക്കെതിരെ നേരത്തെ ക്രിമിനൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.സിസിടിവി ദൃശ്യങ്ങളും ആധുനിക അന്വേഷണ സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രതിയെ വേഗത്തിൽ തിരിച്ചറിയാനും മോഷണവസ്തുക്കൾ പൂർണമായും വീണ്ടെടുക്കാനും സാധിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.



