കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ ടേൺ സിഗ്നലുകൾ ഉപയോഗിക്കാത്ത 324 വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനകളിലാണ് ഈ നടപടി ഉണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യത്തുടനീളം ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്ന് ട്രാഫിക് അധികൃതർ അറിയിച്ചു. റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വാഹനയാത്രികർ നിർബന്ധമായും ഗതാഗത നിയമങ്ങളും സിഗ്നൽ സംവിധാനങ്ങളും പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.



