കുവൈത്ത് സിറ്റി: വേനൽക്കാലത്തുനിന്ന് ശരത്കാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തോടനുബന്ധിച്ച് അന്തരീക്ഷത്തിലെ താപനിലയിലും ഈർപ്പത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്. അലർജി, ആസ്ത്മ, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു.
കാലാവസ്ഥ മാറുമ്പോൾ തന്നെ എല്ലാവരിലും രോഗബാധ ഉണ്ടാകണമെന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. അലർജി, ആസ്ത്മ പോലുള്ള പരിസ്ഥിതി ഘടകങ്ങളാൽ ഉണ്ടാകുന്ന രോഗങ്ങളും, ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുന്ന വൈറസ് രോഗങ്ങളും തമ്മിൽ തിരിച്ചറിയേണ്ടത് പ്രധാനമാണ്. സ്കൂളുകൾ തുറക്കുന്നതും ആളുകൾ കൂട്ടത്തോടെ ഒത്തുകൂടുന്നതും വർദ്ധിച്ച സാഹചര്യത്തിൽ സീസണൽ വാക്സിനേഷനുകൾ സ്വീകരിക്കുക, മുറികളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക, രോഗലക്ഷണങ്ങൾ കാണുമ്പോൾ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിച്ചു.
ഉയർന്ന താപനിലയിൽ നിന്ന് മിതമായ കാലാവസ്ഥയിലേക്കുള്ള മാറ്റം ചില ആരോഗ്യപ്രശ്നങ്ങൾക്ക്, പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങൾക്കും അലർജികൾക്കും കാരണമായേക്കാമെന്ന് പ്രിവന്റീവ് ഹെൽത്ത് ഫിസിഷ്യൻ ഡോ. അബ്ദുല്ല ബെഹ്ബഹാനി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് ആരോഗ്യ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.



