HomeGULFകുവൈത്തിൽ അഞ്ച് ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്, ഒരു ക്ലിനിക്കിന്റെ ലബോറട്ടറി പ്രവർത്തനവും നിർത്തിവച്ചു

കുവൈത്തിൽ അഞ്ച് ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്, ഒരു ക്ലിനിക്കിന്റെ ലബോറട്ടറി പ്രവർത്തനവും നിർത്തിവച്ചു

spot_img

കുവൈത്ത് സിറ്റി: രോഗികളുടെ സുരക്ഷയ്ക്കും ആരോഗ്യപരിപാലന നിയമങ്ങൾക്കും വിരുദ്ധമായ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ അഞ്ച് ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിട്ടു. ഒരു ക്ലിനിക്കിലെ ലബോറട്ടറി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസിങ് വിഭാഗവും പരിശോധനാ സമിതികളും നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ, ഒരു ദന്തചികിത്സാ കേന്ദ്രം, ഒരു ക്ലിനിക്ക്, ഒരു സ്വകാര്യ ക്ലിനിക്ക് എന്നിവയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.പരിശോധനയിൽ ഒരു നഴ്സ് രോഗിക്ക് ലേസർ ചികിത്സ നടത്തിയതായി കണ്ടെത്തി. ഇത് ആരോഗ്യരംഗത്തെ തൊഴിൽപരമായ നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, റേഡിയേഷൻ സംബന്ധമായ പ്രവർത്തനങ്ങൾ നടത്താനുള്ള ലൈസൻസില്ലാതെ ഒരു ദന്തഡോക്ടർ എക്സ്‌റേ പരിശോധന നടത്തിയതായും കണ്ടെത്തി.അനുവദിച്ച ലൈസൻസിന്റെ പരിധിക്ക് പുറത്തുള്ള ചികിത്സാ സേവനങ്ങൾ നൽകുകയും അനുമതിയില്ലാത്ത മെഡിക്കൽ സ്പെഷ്യാലിറ്റികളുടെ പേരിൽ പരസ്യങ്ങൾ നൽകുകയും ചെയ്തതായും പരിശോധനയിൽ വ്യക്തമായി.

അതേസമയം, ഒരു ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ രോഗികളുടെ സുരക്ഷയെ ബാധിക്കാവുന്ന നിരവധി വീഴ്ചകളും കണ്ടെത്തി. എയർ കണ്ടീഷനിങ് സംവിധാനം തകരാറിലായതിനാൽ ലബോറട്ടറിയിലെ താപനില ഉയർന്ന നിലയിലായിരുന്നു. ഇത് പരിശോധനാ സാമ്പിളുകളുടെയും രാസവസ്തുക്കളുടെയും ഗുണനിലവാരത്തെയും പരിശോധനാ ഉപകരണങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കാനിടയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.കാലാവധി കഴിഞ്ഞ പരിശോധനാ സാമഗ്രികളും ടെസ്റ്റ് ട്യൂബുകളും ഉപയോഗത്തിനായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.

ജീവനക്കാർ ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാത്തതും മൂർച്ചയുള്ള മെഡിക്കൽ ഉപകരണങ്ങളുടെയും മലിനമായ വസ്തുക്കളുടെയും മാലിന്യസംസ്കരണത്തിൽ നിയമലംഘനങ്ങൾ ഉണ്ടായിരുന്നതും പരിശോധനയിൽ കണ്ടെത്തി.കൂടാതെ, ലബോറട്ടറിയിലെ ഗുണനിലവാര നിയന്ത്രണം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, ഭരണപരമായ മേൽനോട്ടം എന്നിവയിലും വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.മെഡിക്കൽ റെസ്പോൺസിബിലിറ്റി അതോറിറ്റിയുടെ അന്വേഷണവും ആവശ്യമായ നിയമനടപടികളും പൂർത്തിയാകുന്നതുവരെ സ്ഥാപനങ്ങൾക്കെതിരായ അടച്ചുപൂട്ടൽ ഉത്തരവും പ്രവർത്തന വിലക്കും തുടരും.

2020ലെ 70-ാം നമ്പർ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളിലെ പരിശോധനകൾ ശക്തമായി തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!