കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുമായി ഇന്ത്യൻ പൗരൻ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 52 പാക്കറ്റ് ‘ഷാബു’ എന്ന മയക്കുമരുന്നുമായി പ്രതി പിടിയിലായത്. രാജ്യത്ത് നിയമലംഘനങ്ങൾ നടത്തുന്നവർക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെയുള്ള സുരക്ഷാ കാമ്പെയ്നുകളുടെ ഭാഗമായാണ് അറസ്റ്റ്.
മുശ്രിഫ് മേഖലയിൽ പൊലീസ് നടത്തിയ പട്രോളിംഗിനിടയിലാണ് മരങ്ങൾക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ അടുത്തേക്ക് ചെന്നയുടൻ ഇയാൾ കൈയിലുണ്ടായിരുന്ന സുതാര്യമായ ഒരു പ്ലാസ്റ്റിക് കവർ വലിച്ചെറിയുകയായിരുന്നു. പരിശോധനയിൽ ഇതിൽ മയക്കുമരുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് സമാനമായ ഒൻപത് പാക്കറ്റുകൾ കൂടി പിടിച്ചെടുത്തു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ജാബ്രിയ മേഖലയിലെ തന്റെ താമസസ്ഥലത്ത് കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.
ഉപഭോക്താക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രത്യേക രീതിയാണ് ഇയാൾ സ്വീകരിച്ചിരുന്നത്. മയക്കുമരുന്ന് പാക്കറ്റുകൾ നിശ്ചിത സ്ഥലങ്ങളിൽ രഹസ്യമായി മണ്ണിനടിയിൽ ഒളിപ്പിച്ചുവെച്ച ശേഷം, ആ സ്ഥലത്തിന്റെ ലൊക്കേഷൻ ഉപഭോക്താക്കൾക്ക് ഫോൺ വഴി അയച്ചുനൽകിയാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.



