കുവൈത്ത് സിറ്റി, ഒക്ടോബർ 27: കുവൈത്തിലേക്ക് കടൽമാർഗം മയക്കുമരുന്ന് കടത്തുകയും വിതരണം ചെയ്യുകയും ചെയ്ത കേസിൽ രണ്ട് കുവൈത്ത് പൗരന്മാർക്ക് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇരുവർക്കും ഒരു ലക്ഷം കുവൈത്ത് ദിനാർ വീതം പിഴയും ചുമത്തി.ഇതേ കേസിൽ ഉൾപ്പെട്ട മറ്റൊരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത ബിദൂൻ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും 15 വർഷം വീതം തടവുശിക്ഷയും ഒരു ലക്ഷം ദിനാർ വീതം പിഴയും കോടതി വിധിച്ചു.കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.
കടൽമാർഗം രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നാല് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചത്.ജഡ്ജി ഹമദ് അൽ വസ്സാൻ അധ്യക്ഷനായ ക്രിമിനൽ കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാരായ അബ്ദുൽ അസീസ് അൽ നിംഷ്, അഹമ്മദ് നൂർ അൽ ഹുദ, അബ്ദുൽ അസീസ് അൽ മുതൈരി എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കുവൈത്തിലെ കോടതികൾ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ വിധി.



