കുവൈത്ത്സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതും ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതും ലെബനനിലെ ഹിസ്ബുള്ള സംഘടനയുമായി ബന്ധം പുലർത്തിയതും ഉൾപ്പെടെയുള്ള രാജ്യസുരക്ഷാ കേസിൽ മൂന്നുപേർക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. കേസിൽ പ്രതികളായ എട്ട് കുവൈത്ത് പൗരന്മാർക്ക് അഞ്ച് വർഷം വീതം തടവും വിധിച്ചു.ഒക്ടോബർ 26 തിങ്കളാഴ്ചയാണ് കുവൈത്ത് ക്രിമിനൽ കോടതിയുടെ രാജ്യസുരക്ഷാ വിഭാഗം സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഹുസൈൻ അബ്ദുല്ല അൽ മതൂഖ്, ഹസൻ അബ്ദുൽഹാദി ഹാജിയ, അബ്ദുൽറെസ ഹൈദർ ദെഹ്ഖാനി എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിനെ വധിക്കാൻ പദ്ധതിയിട്ടതായാണ് കേസിലെ പ്രധാന ആരോപണം.
കുവൈത്തിന്റെ ദേശീയ താൽപര്യങ്ങൾക്ക് ഹാനി വരുത്തുക, ഇറാനുമായി സഹകരിച്ച് ചാരപ്രവർത്തനം നടത്തുക, ലെബനനിലെ ഹിസ്ബുള്ള സംഘടനയിൽ അംഗങ്ങളാകുക, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
കേസിലെ നാലാം പ്രതി മുതൽ പത്താം പ്രതി വരെയുള്ളവർ ആഭ്യന്തര മന്ത്രിയെ വധിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ യോഗം ചേരുകയും ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങൾ വിഭജിക്കുകയും ചെയ്തതായി കേസ് രേഖകൾ വ്യക്തമാക്കുന്നു.ആദ്യ മൂന്ന് പ്രതികളുടെ നിർദേശപ്രകാരം ആക്രമണത്തിന് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കാനുള്ള ചുമതല പതിനൊന്നാം പ്രതിക്കായിരുന്നു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തി രാജ്യത്ത് ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി സ്ഫോടകവസ്തുക്കൾ കുവൈത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ജഡ്ജി നാസർ അൽ ബദറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കേണ്ടത് അതീവ പ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. വിദേശ ശക്തികളുടെ നിർദേശങ്ങൾക്ക് വഴങ്ങി കുവൈത്തിന്റെ ഭരണസംവിധാനങ്ങളെയും ദേശീയ സുരക്ഷയെയും ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
രാജ്യസുരക്ഷ ഒരു വ്യക്തിയുടെയോ പ്രത്യേക വിഭാഗത്തിന്റെയോ മാത്രം വിഷയമല്ലെന്നും സമൂഹത്തിന്റെ മുഴുവൻ അവകാശമാണെന്നും കോടതി വ്യക്തമാക്കി.കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന സന്ദേശം നൽകുന്നതാണ് ഈ സുപ്രധാന കോടതി വിധി.



