കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം നിക്ഷേപിച്ച ശേഷം പണം തിരികെ വാങ്ങുന്ന കമ്പനികളെ കണ്ടെത്താൻ പുതിയ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം നടപ്പാക്കാൻ അധികൃതർ ഒരുങ്ങുന്നു.കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി സഹകരിച്ചാണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്.
ചില കമ്പനികൾ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം നിക്ഷേപിച്ച ശേഷം അവരുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നതായും തൊഴിലാളികളെ നിർബന്ധിച്ച് ശമ്പളത്തിന്റെ മുഴുവൻ തുകയോ ഒരു ഭാഗമോ തിരികെ വാങ്ങുന്നതായും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
നിലവിൽ കമ്പനികൾ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ശമ്പളം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ ശമ്പളം യഥാർത്ഥത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്നും അത് കമ്പനികൾ തിരികെ കൈക്കലാക്കുന്നില്ലെന്നും ഉറപ്പുവരുത്താനാണ് ശ്രമം.ശമ്പളം നിക്ഷേപിച്ചതിന് പിന്നാലെ നടക്കുന്ന സംശയാസ്പദമായ പണം പിൻവലിക്കലുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ കണ്ടെത്താനാകും.
തൊഴിലാളികളെ നിർബന്ധിച്ച് ശമ്പളം പിൻവലിപ്പിക്കുകയും പണം കമ്പനിക്ക് തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങളും നിരീക്ഷണത്തിന്റെ പരിധിയിൽ വരും.ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുകയോ തൊഴിലാളികളിൽ നിന്ന് പരാതികൾ ലഭിക്കുകയോ ചെയ്താൽ ഉടൻ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് കേസ് കൈമാറാനുമാണ് പദ്ധതി.ശമ്പള വിതരണത്തിന്റെ പരിശോധനയ്ക്കായി എട്ട് ഘട്ടങ്ങളുള്ള ഇലക്ട്രോണിക് സംവിധാനവും അധികൃതർ വിശദീകരിച്ചിട്ടുണ്ട്.
തൊഴിലുടമ ശമ്പള വിതരണത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതുമുതൽ ബാങ്ക് വിവരങ്ങൾ പരിശോധിച്ച് ശമ്പളം വിതരണം ചെയ്തതിന്റെ ഫലം പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് ഇലക്ട്രോണിക് രീതിയിൽ കൈമാറുന്നതുവരെയാണ് ഈ നടപടികൾ.അതേസമയം, 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കമ്പനികൾ സമർപ്പിച്ച ശമ്പള നിയമപാലന അപേക്ഷകളുടെ എണ്ണം 93,865 ആയി ഉയർന്നു.
2025-ലെ ഇതേ കാലയളവിൽ ഇത് 31,757 മാത്രമായിരുന്നു. 195.6 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.തൊഴിലാളികളുടെ ശമ്പള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കമ്പനികളുടെ സാമ്പത്തിക ചൂഷണം തടയുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.പുതിയ നിരീക്ഷണ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുകളാണ് നിലവിൽ പുരോഗമിക്കുന്നത്.



