കുവൈത്ത് സിറ്റി: റോബോട്ടിക് സർജറി രംഗത്തെ മികവിന് അമേരിക്കൻ സ്ഥാപനമായ ‘സർജിക്കൽ റിവ്യൂ കോർപ്പറേഷന്റെ’ ‘സെന്റർ ഓഫ് എക്സലൻസ്’ അംഗീകാരം കരസ്ഥമാക്കി പുതിയ ജഹ്‌റ ആശുപത്രി. ആശുപത്രിയുടെ സർജറി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ-ജസ്മി, 2026 ഒക്ടോബർ മുതൽ 2029 വരെയുള്ള കാലയളവിലേക്കുള്ള ‘റോബോട്ടിക് സർജറിയിലെ ഡിസ്റ്റിംഗിഷ്ഡ് സർജൻ’ പദവിക്കും അർഹനായി. ആശുപത്രിയിൽ റോബോട്ടിക് സർജറി പ്രോഗ്രാം ആരംഭിച്ചതിന്റെ ഭാഗമായാണ് ഈ വലിയ നേട്ടം.
2025 ഏപ്രിൽ 27-നാണ് ആശുപത്രിയിൽ റോബോട്ടിക് സർജറികൾക്ക് തുടക്കമായത്. ഇതുവരെ ജനറൽ സർജറി, യൂറോളജി തുടങ്ങി വിവിധ പ്രത്യേക വിഭാഗങ്ങളിലായി ഇത്തരത്തിലുള്ള ഇരുന്നൂറോളം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. മെഡിക്കൽ ടീമുകൾ, അത്യാധുനിക ഉപകരണങ്ങൾ, മികച്ച ക്ലിനിക്കൽ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ സംവിധാനത്തിലൂടെയാണ് റോബോട്ടിക് ശസ്ത്രക്രിയകൾ നടപ്പിലാക്കുന്നതെന്ന് ഡോ. മുഹമ്മദ് അൽ-ജസ്മി വ്യക്തമാക്കി.



