കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലായ T2-ന്റെ പ്രവർത്തനവും പരിപാലനവും ഏറ്റെടുക്കുന്നതിനുള്ള കരാർ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ നാല് ബുധനാഴ്ച രണ്ടാംഘട്ട ചർച്ച നടത്താൻ കുവൈത്ത് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് തീരുമാനിച്ചു.സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ടെൻഡർ ബോർഡ് ഭൂരിപക്ഷ തീരുമാനപ്രകാരം ചർച്ചയ്ക്ക് തീയതി നിശ്ചയിച്ചത്.
പുതിയ ടെർമിനലിന്റെ പ്രവർത്തനം, മാനേജ്മെന്റ്, അറ്റകുറ്റപ്പണികൾ, ജീവനക്കാരുടെ പരിശീലനം, സാങ്കേതിക വികസനം, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രൺ മേഖലകളുടെ പരിപാലനം എന്നിവ ഉൾപ്പെടുന്ന വിപുലമായ കരാറാണിത്. വിമാനത്താവളത്തിലെ കേന്ദ്രീകൃത പ്രവർത്തന-പരിപാലന സംവിധാനങ്ങളുടെ മാനേജ്മെന്റും കരാറിന്റെ ഭാഗമാണ്.തുർക്കിയിലെ TAV എയർപോർട്സ് ഹോൾഡിങ്ങും ലിമാക് കമ്പനിയും ചേർന്നുള്ള കൺസോർഷ്യവും ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട് കമ്പനിയും ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികളുടെ പ്രാഥമിക സാമ്പത്തിക ഗ്യാരണ്ടിയുടെ കാലാവധി ഉടൻ അവസാനിക്കുമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചതിനെ തുടർന്ന് ഗ്യാരണ്ടി കാലാവധി നീട്ടാനും ടെൻഡർ ബോർഡ് നിർദേശിച്ചു. 2016-ലെ 49-ാം നമ്പർ പൊതുടെൻഡർ നിയമത്തിലെ 46-ാം വകുപ്പ് പ്രകാരമാണ് നടപടി.ചർച്ചയിൽ പങ്കെടുക്കാൻ അംഗീകാരം ലഭിച്ച കമ്പനികൾ യോഗത്തിന്റെ സമയവും മറ്റ് വിശദാംശങ്ങളും അറിയുന്നതിനായി ടെൻഡർ ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കുവൈത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിൽ നിർണായകമായ പദ്ധതിയാണ് പുതിയ T2 ടെർമിനൽ. പ്രതിവർഷം ഏകദേശം 2.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്ന പുതിയ ടെർമിനൽ രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വ്യോമഗതാഗത കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ്.നവംബർ നാലിലെ ചർച്ചയ്ക്ക് ശേഷം ടെർമിനലിന്റെ പ്രവർത്തനച്ചുമതല സംബന്ധിച്ച കരാർ നടപടികളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കരാർ അന്തിമമായി ഏത് കമ്പനിക്ക് നൽകുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.



