കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും സന്ദർശകരും കൊണ്ടുവരുന്ന മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, പണം എന്നിവ സംബന്ധിച്ച കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് നിരോധിത വസ്തുക്കൾ കൊണ്ടുവരുന്നവർക്ക് സാധനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും.ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിയമപരമായി വിൽക്കുന്ന ചില ഭക്ഷ്യവസ്തുക്കളും മരുന്നുകളും കുവൈത്തിൽ നിരോധിച്ചിട്ടുള്ളവയായിരിക്കാം. അതിനാൽ യാത്രയ്ക്ക് മുമ്പ് ബാഗേജിലുള്ള സാധനങ്ങൾ കുവൈത്തിലെ നിയമപ്രകാരം അനുവദനീയമാണെന്ന് ഉറപ്പുവരുത്തണം.
കുവൈത്തിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത വസ്തുക്കൾ: കസ്കസ് അഥവാ പോപ്പി സീഡ്സ്, കഞ്ചാവും അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും, കറുപ്പ് ഉൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കൾ, പന്നിയിറച്ചിയും അതിൽനിന്നുള്ള ഉൽപ്പന്നങ്ങളും, മദ്യവും മറ്റ് ലഹരിപാനീയങ്ങളും എന്നിവ കുവൈത്തിലേക്ക് കൊണ്ടുവരാൻ പാടില്ല.ചൂതാട്ട ഉപകരണങ്ങൾ, അശ്ലീല വസ്തുക്കൾ, ആഭിചാരവുമായി ബന്ധപ്പെട്ട ചില ഉപകരണങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്.
മരുന്നുകൾ കൊണ്ടുവരുന്നതിനും കർശന നിബന്ധനകൾ: ചില വേദനസംഹാരികൾ, ഉറക്കഗുളികകൾ, മാനസികാരോഗ്യ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയിൽ നിയന്ത്രിത ലഹരിഘടകങ്ങൾ അടങ്ങിയിരിക്കാം. ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നവർ പ്രത്യേക അനുമതിയും ആവശ്യമായ മെഡിക്കൽ രേഖകളും കൈവശം കരുതണം.
2025-ലെ 302-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം, നിബന്ധനകൾക്ക് വിധേയമായി ചില നിയന്ത്രിത മരുന്നുകൾ 15 ദിവസത്തെ ചികിത്സയ്ക്കും അംഗീകൃത സൈക്കോട്രോപിക് മരുന്നുകൾ ഒരു മാസത്തെ ചികിത്സയ്ക്കും ആവശ്യമായ അളവിൽ കൊണ്ടുവരാൻ അനുമതിയുണ്ട്.ഇതിനായി ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ കുറിപ്പും മെഡിക്കൽ റിപ്പോർട്ടും ആവശ്യമാണ്. വിദേശത്തുള്ള ബന്ധപ്പെട്ട കുവൈത്ത് അധികൃതരിൽനിന്ന് മുൻകൂർ അനുമതി നേടുകയും വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് രേഖകൾ ഹാജരാക്കുകയും വേണം.മരുന്നുകൾ അവയുടെ യഥാർത്ഥ പാക്കറ്റുകളിൽ തന്നെ സൂക്ഷിക്കണം. അനുവദിച്ച അളവിൽ കൂടുതൽ മരുന്നുകൾ കൊണ്ടുവരാനും പാടില്ല.
3,000 ദിനാറോ അതിലധികമോ പണം കൈവശമുണ്ടെങ്കിൽ വെളിപ്പെടുത്തണം: കുവൈത്തിലേക്ക് വരുമ്പോഴും രാജ്യത്തുനിന്ന് പുറത്തേക്ക് പോകുമ്പോഴും 3,000 കുവൈത്ത് ദിനാറോ അതിന് തുല്യമായ വിദേശ കറൻസിയോ കൈവശമുണ്ടെങ്കിൽ കസ്റ്റംസിൽ നിർബന്ധമായും വെളിപ്പെടുത്തണം.പണത്തിന് പുറമെ നിയമപരമായി വെളിപ്പെടുത്തേണ്ട മറ്റ് സാമ്പത്തിക രേഖകൾക്കും ഈ നിബന്ധന ബാധകമാണ്. കുവൈത്ത് കസ്റ്റംസിന്റെ ഓൺലൈൻ സേവനങ്ങൾ വഴിയോ സഹേൽ ആപ്പ് വഴിയോ ഇതിനുള്ള നടപടികൾ പൂർത്തിയാക്കാം.
2013-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഈ നിബന്ധന. പണം വെളിപ്പെടുത്താതിരുന്നാൽ നിയമനടപടികൾ നേരിടേണ്ടിവരും.
മറ്റുള്ളവരുടെ ബാഗേജുകൾ സ്വീകരിക്കരുത്: യാത്രയ്ക്കിടെ പരിചയമില്ലാത്തവരുടെ ബാഗുകളോ പൊതികളോ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അവയിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ കൊണ്ടുപോകുന്ന വ്യക്തിയും നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾ അവധിക്കുശേഷം മടങ്ങിവരുമ്പോഴും ആദ്യമായി രാജ്യത്തെത്തുന്ന സന്ദർശകരും ഈ നിയമങ്ങൾ പാലിക്കണം.യാത്രയ്ക്ക് മുമ്പ് കുവൈത്ത് കസ്റ്റംസിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും ഔദ്യോഗിക നിർദേശങ്ങൾ പരിശോധിക്കണമെന്നും നിരോധിത വസ്തുക്കളോ അനുമതിയില്ലാത്ത മരുന്നുകളോ ബാഗേജിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിക്കുന്നു.



