കുവൈത്ത് സിറ്റി: ഹവല്ലിയിൽ മദ്യലഹരിയിൽ വാഹനമോടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.അശ്രദ്ധമായി സഞ്ചരിച്ച വാഹനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പട്രോളിങ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഇരുവരും 2001-ൽ ജനിച്ചവരാണെന്നും മദ്യലഹരിയിലായിരുന്നെന്നും പരിശോധനയിൽ വ്യക്തമായതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
തുടർ നിയമനടപടികൾക്കായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ വിസമ്മതിച്ചു. തുടർന്ന് ഇവരിൽ ഒരാൾ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു.
പൊതുസ്ഥലത്ത് മദ്യലഹരിയിൽ കാണപ്പെട്ടത്, പൊതുസമാധാനം തകർത്തത്, അറസ്റ്റിനെ എതിർത്തത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.



