കുവൈത്ത് സിറ്റി: മംഗഫ് മേഖലയിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള യുവാവിനെ അഹമ്മദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
പുലർച്ചെ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനവും അതിനുള്ളിലുണ്ടായിരുന്ന യുവാവും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് വാഹനത്തിന് സമീപത്തേക്ക് എത്തിയതോടെ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.
പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് മയക്കുമരുന്നും അവ ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. യുവാവ് മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി.



