കുവൈത്ത് സിറ്റി: മകളുടെ മൂക്കിന്റെ സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്കായി ചെലവഴിച്ച 1,200 കുവൈത്ത് ദിനാർ തിരികെ നൽകണമെന്ന പിതാവിന്റെ ആവശ്യത്തെ ചോദ്യം ചെയ്ത് കുവൈത്തി അഭിഭാഷക ഹലീമ ബഹ്മാൻ രംഗത്തെത്തി.
മകളുടെ ശസ്ത്രക്രിയയ്ക്കായി ചെലവഴിച്ച പണം പോലും തിരികെ ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് കുടുംബബന്ധങ്ങൾ അധഃപതിച്ചോ എന്ന് അഭിഭാഷക ചോദിച്ചു. പിതാവും മകളും തമ്മിലുള്ള ബന്ധം സാമ്പത്തിക ഇടപാടുകളുടെയും കണക്കുപറച്ചിലുകളുടെയും അടിസ്ഥാനത്തിലാണോ നിലനിൽക്കേണ്ടതെന്നും അവർ ചോദിച്ചു.
പിതൃത്വം എന്നത് ഉത്തരവാദിത്തവും പിന്തുണയും കരുതലുമാണ്. അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ മക്കൾക്ക് മുന്നിൽ ചെലവുകളുടെ കണക്ക് നിരത്തുന്നതല്ല പിതൃത്വമെന്നും ഹലീമ ബഹ്മാൻ അഭിപ്രായപ്പെട്ടു.സാമ്പത്തിക തർക്കങ്ങൾ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുതെന്നും കുടുംബബന്ധങ്ങളുടെ മൂല്യവും മാതാപിതാക്കളുടെ ഉത്തരവാദിത്തവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അവർ ഓർമിപ്പിച്ചു.



