കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മരുഭൂമിയിൽ ആടുകളെ വളർത്തുന്ന കേന്ദ്രത്തിൽ നിന്ന് ഏകദേശം 15,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന 70 ആടുകളെ മോഷ്ടിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.കുവൈത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആട്ടിൻകൂടിന്റെ പ്രവേശന കവാടം തകർത്താണ് അജ്ഞാതരായ മോഷ്ടാക്കൾ അകത്തുകടന്നത്. ഉടമ സ്ഥലത്തെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
പരിശോധനയിൽ ഉയർന്ന വിലയുള്ള ഇനങ്ങളിൽപ്പെട്ട 70 ആടുകളെ കാണാതായതായി കണ്ടെത്തി. തുടർന്ന് ഉടമ കബ്ദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷണം പോയ ആടുകളുടെ എണ്ണം, ഇനം, ഏകദേശ വില എന്നിവ സംബന്ധിച്ച വിവരങ്ങളും പൊലീസിന് കൈമാറി.ഫോറൻസിക് വിഭാഗം സംഭവസ്ഥലത്തെത്തി വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി ക്രിമിനൽ അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തി.



