കുവൈത്ത് സിറ്റി: രാജ്യത്തെ പ്രകൃതി സംരക്ഷിത മേഖലകളുടെ സംരക്ഷണത്തിൽ സ്വദേശികളും പ്രവാസികളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് പരിസ്ഥിതി വിദഗ്ധർ അഭ്യർഥിച്ചു. അനുമതിയില്ലാതെ സംരക്ഷിത മേഖലകളിൽ പ്രവേശിക്കുന്നതും വേലികൾ നശിപ്പിക്കുന്നതും സസ്യങ്ങൾക്കും വന്യജീവികൾക്കും നാശനഷ്ടം വരുത്തുന്നതും നിയമലംഘനമാണ്.
കുവൈത്ത് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 105-ാം വകുപ്പ് പ്രകാരം സംരക്ഷിത മേഖലകളിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്.
• മത്സ്യബന്ധനവും വന്യജീവികളെ വേട്ടയാടുന്നതും
• കന്നുകാലികളെ മേയ്ക്കുന്നതും
• തീ കത്തിക്കുന്നതും വാഹനങ്ങൾ ഓടിക്കുന്നതും
• ക്യാമ്പുകൾ സ്ഥാപിക്കുന്നതും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും
• സംരക്ഷണ വേലികൾ നശിപ്പിക്കുന്നതും
• മാലിന്യങ്ങൾ തള്ളുന്നതും
• ഖനനവും വെടിവെപ്പും
• കടൽച്ചിപ്പികളും പവിഴപ്പുറ്റുകളും ശേഖരിക്കുന്നതും നിയമത്തിലെ 150-ാം വകുപ്പ് പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവും 500 മുതൽ 5,000 കുവൈത്ത് ദിനാർ വരെ പിഴയും അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒരു ശിക്ഷയും ലഭിക്കാം.അപൂർവ സസ്യങ്ങളുടെയും വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സംരക്ഷണത്തിൽ പ്രകൃതി സംരക്ഷിത മേഖലകൾക്ക് നിർണായക പങ്കുണ്ടെന്ന് കുവൈത്ത് ജിയോളജിക്കൽ സൊസൈറ്റി ചെയർമാൻ ഡോ. മുബാറക് അൽ ഹാജിരി വ്യക്തമാക്കി.
മരുഭൂവൽക്കരണം, ഉയർന്ന താപനില, ജലദൗർലഭ്യം തുടങ്ങിയ പരിസ്ഥിതി വെല്ലുവിളികൾ നേരിടുന്ന കുവൈത്തിൽ ഇത്തരം മേഖലകളുടെ സംരക്ഷണം ഏറെ പ്രധാനമാണ്.പ്രകൃതിയുടെ അമൂല്യ സമ്പത്ത് വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും പ്രവാസിയുടെയും ഉത്തരവാദിത്തമാണെന്നും പരിസ്ഥിതി വിദഗ്ധർ ഓർമിപ്പിച്ചു.



