കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിൽ ഏകീകൃത എക്സൈസ് നികുതി സംവിധാനം നടപ്പാക്കുന്നതിനുള്ള കരാറിനും അനുബന്ധ ഭേദഗതികൾക്കും കുവൈത്ത് അംഗീകാരം നൽകി. 2026ലെ 140-ാം നമ്പർ ഉത്തരവ് പ്രകാരം കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് ഇതിന് അംഗീകാരം നൽകിയത്.
ഗൾഫ് രാജ്യങ്ങളിലെ നികുതി നിയമങ്ങൾ ഏകീകരിക്കുക, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക, അംഗരാജ്യങ്ങൾക്കിടയിലെ സാമ്പത്തിക ഏകീകരണം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.2016 നവംബർ 27ന് റിയാദിൽ ഒപ്പുവെച്ച കരാറിനും 2025 ജൂൺ ഒന്നിന് ഒപ്പുവെച്ച ഭേദഗതികൾക്കുമാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തിൽ വരും.
ഒമ്പത് അധ്യായങ്ങളും 29 വകുപ്പുകളും ഉൾപ്പെടുന്ന കരാറിൽ നികുതി ചുമത്തേണ്ട ഉൽപ്പന്നങ്ങൾ, നികുതി നിരക്കുകൾ, നികുതി പിരിവ്, രജിസ്ട്രേഷൻ, നികുതി ഇളവുകൾ, പരിശോധനകൾ, നികുതി വെട്ടിപ്പിനുള്ള പിഴ തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.പുകയില ഉൽപ്പന്നങ്ങൾ, സിഗരറ്റുകൾ, എനർജി ഡ്രിങ്കുകൾ, കാർബണേറ്റഡ് പാനീയങ്ങൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ തുടങ്ങിയവ എക്സൈസ് നികുതിയുടെ പരിധിയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നികുതി നടപ്പാക്കുന്നതോടെ ഇത്തരം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന വില ഉയരാൻ സാധ്യതയുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ നികുതി സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.അതേസമയം, കുവൈത്തിൽ ഏതൊക്കെ ഉൽപ്പന്നങ്ങൾക്ക് എത്ര ശതമാനം നികുതി ഏർപ്പെടുത്തുമെന്നും നികുതി പിരിവ് എന്ന് ആരംഭിക്കുമെന്നുമുള്ള അന്തിമ വിശദാംശങ്ങൾ അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.



