കുവൈത്ത്: കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷന്റെ (കെ.ഇ.എ) പ്രധാന കായികമേളയായ ‘കെ.ഇ.എ ത്രോബോൾ ലീഗ് (കെ.ടി.എൽ) – സീസൺ 8, 2026 നവംബർ 20 വെള്ളിയാഴ്ച അഹമ്മദിയിലെ അൽ ഷബാബ് സ്പോർട്സ് ക്ലബ്ബിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെ നീണ്ടുനിന്ന ടൂർണമെന്റിൽ കുവൈത്ത് എൻജിനീയേഴ്സ് ഫോറത്തിന് (കെ.ഇ.എഫ്) കീഴിലുള്ള ആറ് ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ആറ് ടീമുകൾ മാറ്റുരച്ചു.കുവൈത്ത് എൻജിനീയേഴ്സ് ഫോറത്തിലെ വനിതകൾക്കായി മാത്രം സംഘടിപ്പിക്കുന്ന ത്രോബോൾ ടൂർണമെന്റ് എന്ന സവിശേഷതയുള്ള കെ.ടി.എൽ, കായികരംഗത്തെ വനിതാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും എൻജിനീയറിങ് സമൂഹത്തിനിടയിലെ സൗഹൃദം ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു.
ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലനത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായാണ് ടൂർണമെന്റ് യാഥാർത്ഥ്യമായത്. കേരള ടസ്ക്കേഴ്സ്, കൈറ്റ് എൻ സ്കൈ വിൻഡ്ജാമേഴ്സ്, നോവ ക്വീൻസ്, ടൈറ്റൻസ് ടി.സി, വേണാട് വാരിയേഴ്സ്, യെല്ലിമിനേറ്റേഴ്സ് എന്നീ ആറ് ടീമുകളാണ് ആവേശകരമായ മത്സരങ്ങളിൽ പങ്കെടുത്തത്.ഒൻപത് ലീഗ് മത്സരങ്ങൾക്ക് ശേഷം രണ്ട് സെമിഫൈനലുകൾ, മൂന്നാം സ്ഥാനത്തിനായുള്ള പ്ലേഓഫ്, ഫൈനൽ എന്നിവ നടത്തപ്പെട്ടു.ആദ്യ സെമിഫൈനലിൽ വേണാട് വാരിയേഴ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് (15–7, 15–12) പരാജയപ്പെടുത്തി കേരള ടസ്ക്കേഴ്സ് ഫൈനലിൽ പ്രവേശിച്ചു. യെല്ലിമിനേറ്റേഴ്സും ടൈറ്റൻസ് ടി.സിയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ മൂന്ന് സെറ്റുകൾ നീണ്ട ആവേശകരമായ പോരാട്ടമായിരുന്നു. ആദ്യ സെറ്റ് 13–15ന് നഷ്ടമായെങ്കിലും, പിന്നീട് ശക്തമായി തിരിച്ചുവന്ന ടൈറ്റൻസ് ടി.സി തുടർന്നുള്ള രണ്ട് സെറ്റുകളും 15–13, 15–13 എന്ന സ്കോറിന് സ്വന്തമാക്കി ഫൈനൽ ഉറപ്പിച്ചു.മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ വേണാട് വാരിയേഴ്സിനെ 21–17ന് പരാജയപ്പെടുത്തി യെല്ലിമിനേറ്റേഴ്സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കേരള ടസ്ക്കേഴ്സും ടൈറ്റൻസ് ടി.സിയും തമ്മിലുള്ള ഫൈനൽ മത്സരം കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി. വാശിയേറിയ മത്സരത്തിൽ ആദ്യ സെറ്റ് 15–14ന് നേടിയ കേരള ടസ്ക്കേഴ്സ്, രണ്ടാം സെറ്റ് 15–11ന് സ്വന്തമാക്കി കിരീടം നിലനിർത്തി കെ.ടി.എൽ ചാമ്പ്യന്മാരായി.മത്സരങ്ങളിലെ മികച്ച വ്യക്തിഗത പ്രകടനങ്ങൾക്ക് ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരങ്ങൾ നൽകി. കൂടാതെ പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു:മോസ്റ്റ് പ്രോമിസിങ് പ്ലെയർ: അലീന ജോസഫ് (കേരള ടസ്ക്കേഴ്സ്)ബെസ്റ്റ് സെർവർ: സിനു എസ്. നായർ (ടൈറ്റൻസ് ടി.സി)പ്ലെയർ ഓഫ് ദി ടൂർണമെന്റ്: സെറിൻ ഫിലിപ്സ് (കേരള ടസ്ക്കേഴ്സ്)പ്രസിഡന്റ് സഞ്ജയ് നായർ, വൈസ് പ്രസിഡന്റ് പ്രസൂൺ പൂക്കാടൻ, ജനറൽ സെക്രട്ടറി ലവിൻ മാമ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള 2026–2027 കെ.ഇ.എ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ. ഒരു മാസത്തിലേറെയായി അഹോരാത്രം പ്രയത്നിച്ച കെ.ഇ.എ ഷോകേസ് ഇവന്റ് കൺവീനർ പ്രണവ് പ്രകാശ് ടൂർണമെന്റിന് വിജയകരമായ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചു.
സ്വപ്ന കുര്യൻ, ഫഹിമ ഫൈസൽ എന്നീ വനിതകൾ മാച്ച് കമ്മീഷണർമാരായി സേവനമനുഷ്ഠിച്ചത് ടൂർണമെന്റിന് കൂടുതൽ മാറ്റുകൂട്ടി.കെ.ഇ.എയിലെ കുട്ടികൾ മത്സരവേദിയും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനായി ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകി മാതൃകയായി.കുവൈത്ത് എൻജിനീയേഴ്സ് ഫോറം ജനറൽ കൺവീനർ ഗംഗാ പ്രസാദ്, നിയുക്ത ജനറൽ കൺവീനർ ബിജുമോൻ കെ.ആർ, എക്സ്-ഒഫീഷ്യോ ഹനാൻ ഷാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കെ.ഇ.എഫിന് കീഴിലുള്ള വിവിധ എൻജിനീയറിങ് അസോസിയേഷനുകളുടെ പ്രസിഡന്റുമാരും ചെയർപേഴ്സൺമാരുമായ ബിപിൻ ബ്രഹ്മവ്രതൻ (എ.ഇ.സി.കെ), പ്രദീപ് സി.പി (സി.ഇ.ടി.എ.എ), സാലി റോയ് (എം.എ.സി.ഇ), അന്നമ്മ വർഗീസ് (ലൈല) (എൻ.ഐ.റ്റി), മനു സൈമൺ (എൻ.എസ്.എസ്.സി.ഇ), ക്ലിഫ്റ്റൺ ജെ. പായപ്പിള്ളി (ടി.ഇ.സി), ബിനു തോമസ് (ടി.കെ.എം.) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



