കറുപ്പഴകിൽ സ്റ്റൈലിഷ് ലുക്കിൽ റിമിയും രഞ്ജിനി ജോസും; മിനി ഫ്രോക്കിൽ രഞ്ജിനി ഹരിദാസ്: വൈറലായി അപ്രതീക്ഷിത ക്ലിക്

  • 01/03/2021


ഒറ്റ ഫ്രെയിമിൽ തിളങ്ങി അവതാരക രഞ്ജിനി ഹരിദാസും ഗായകരായ രഞ്ജിനി ജോസും റിമി ടോമിയും. മൂന്നു പേരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ആരാധകർക്കിടയിൽ ചർച്ചയായി. റിമിയെയും രഞ്ജിനിയെയും ചേർത്തു പിടിച്ച് മിനി ഫ്രോക് ധരിച്ച് നടുവിലായാണ് രഞ്ജിനി ഹരിദാസ് നിൽക്കുന്നത്. കറുപ്പഴകിൽ സ്റ്റൈലിഷ് ലുക്കിലാണ് റിമിയും ഗായിക രഞ്ജിനിയും പ്രത്യക്ഷപ്പെട്ടത്. 

കൂട്ടുകാരികളുടെ ക്യൂട്ട് ചിത്രം ചുരുങ്ങിയ സമയത്തിനകം വൈറലായി. പ്രിയതാരങ്ങളെ ഒരുമിച്ചൊരു ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇമോജികളിട്ടാണ് റിമിയും രഞ്ജിനി ജോസും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മൂവരുടെയും പേരിന്റെ ആദ്യാക്ഷരം സൂചിപ്പിച്ച് 'R effect' എന്നാണ് രഞ്ജിനി ഹരിദാസ് ചിത്രത്തിനൊപ്പം കുറിച്ചത്. കൊച്ചിയിൽ വച്ചാണ് റിമിയും രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും കണ്ടുമുട്ടിയത്. തികച്ചും യാദൃശ്ചികമായുണ്ടായ കൂടിക്കാഴ്ചയാണിതെന്ന് താരങ്ങൾ വ്യക്തമാക്കി.

വർഷങ്ങൾ നീണ്ട പരിചയവും അടുപ്പവുമുണ്ട് റിമിയും രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും തമ്മിൽ. പലപ്പോഴും പല വേദികളിലും ഇവർ ഒരുമിച്ചെത്തിയിട്ടുമുണ്ട്. രഞ്‍ജിനി ഹരിദാസുമായി 20 വർഷം നീണ്ട ബന്ധമാണ് ഗായിക രഞ്ജിനി ജോസിനുള്ളത്. കോളജ് കാലം മുതലുള്ള പരിചയം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽപ്പോലും ഒരു കുടുംബാംഗത്തെപ്പോലെ ഒപ്പം നിന്നയാളാണ് രഞ്ജിനി ഹരിദാസ് എന്ന് ഗായിക വെളിപ്പെടുത്തിയിട്ടുമുണ്ട്. 

റിമി ടോമിയും രഞ്ജിനി ജോസും തമ്മിലും വർഷങ്ങൾ നീണ്ട ആത്മബന്ധമുണ്ട്. മഴവിൽ മനോരമയിൽ റിമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ പരിപാടിയുടെ വേദിയിൽ രഞ്ജിനി അതിഥിയായെത്തിയിട്ടുമുണ്ട്. അപ്പോഴൊക്കെ ഇരുവരും തങ്ങളുടെ സൗഹൃദത്തിന്റെ കഥകൾ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ മൂന്ന് കൂട്ടുകാരികളുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമലോകത്ത് പ്രചരിക്കുകയാണ്.

Related Articles