അട്ടപ്പാടിയിലെ മധുവായി ഫഹദ് ഫാസിൽ; ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് താനെന്ന് രഞ്ജിത്ത്

  • 07/03/2021


മോഹൻലാൽ നായകനായ ഡ്രാമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകും. അടുത്ത ചിത്രത്തിന്റെ തിരക്കഥയുടെ ജോലികളിലാണ് താനെന്നും ഈ ചിത്രം ഫഹദ് ഫാസിലിന് വേണ്ടിയുളളതാണെന്നും സംവിധായകൻ തന്നെയാണ് വെളിപ്പെടുത്തിയത്.

പാലക്കാട് അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ ജീവിതം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ്. ഈ വിഷയമാണ് രഞ്ജിത്ത് സിനിമയാക്കുന്നതെന്നാണ് ലഭ്യമായ വിവരം. ചിത്രത്തിൽ മധുവായി ഫഹദ് ഫാസിൽ ആകും എത്തുക.
 
2011ൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപ്പി എന്ന രഞ്ജിത്ത് ചിത്രത്തിലായിരുന്നു ഇതിനുമുമ്പ് ഫഹദ് അഭിനയിച്ചത്. അതൊരു അതിഥി വേഷമായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ പിറന്ന അയാൾ ഞാനല്ല എന്ന ചിത്രത്തിൽ നായകനായി എത്തിയത് ഫഹദ് ആയിരുന്നു.

ഇപ്പോൾ മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഫഹദ് ഫാസിൽ. മാലിക് ആണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചിത്രം. ഇരുൾ എന്ന സിനിമയുടെ ചിത്രീകരണവും നടൻ പൂർത്തിയാക്കിയിട്ടുണ്ട്.

Related Articles