സീതയായി കൃതി സനോണ്‍, ലക്ഷ്മണനായി സണ്ണി സിംഗും; 'ആദിപുരുഷി'ന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച്‌ പ്രഭാസ്

  • 12/03/2021



പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന 'ആദിപുരുഷ്' ചിത്രത്തില്‍ നായികയായി കൃതി സനോന്‍. പ്രഭാസ് ശ്രീരാമനായി വേഷമിടുമ്പോൾ സീത ആയാണ് കൃതി എത്തുന്നത്. രാവണനായാണ് സെയ്ഫ് അലിഖാന്‍ വേഷമിടുന്നത്. ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണനായി നടന്‍ സണ്ണി സിംഗും വേഷമിടുന്നു.

പ്രഭാസ് തന്നെയാണ് കൃതിക്കും സണ്ണിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ ഇക്കാര്യം പുറത്തുവിട്ടത്. രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷ് 3ഡി ചിത്രമായാണ് ഒരുക്കുക. ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

ഹിന്ദി, തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്കും മറ്റ് നിരവധി വിദേശ ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ടി-സീരിസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2022 ഓഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യും. അതേസമയം, രാവണന്‍ എന്ന കഥാപാത്രത്തെ ന്യായീകരിച്ച്‌ രംഗത്തെത്തിയ സെയ്ഫ് അലിഖാന് നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാനുഷിക കണ്ണോടെ രാവണനെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്ഫ് പറഞ്ഞത്. ഇതോടെ ചിത്രത്തില്‍ നിന്നും സെയ്ഫിനെ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Related Articles