ഒടിപിയും സുരക്ഷിതമല്ല, എസ്‌എംഎസ് ഹാക്ക് ചെയ്യപ്പെടാം; വിവരങ്ങൾ ചോരാമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

  • 16/03/2021

ഓൺലൈൻ ട്രാൻസാക്ഷൻ സമയത്തുലഭിക്കുന്ന ഒടിപി സംവിധാനവും സുരക്ഷിതമല്ല എന്ന് വിദഗ്ധർ. ഒടിപി അയക്കാനായി മുഖ്യമായി ആശ്രയിക്കുന്ന ടെക്സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്താൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. ടെക്സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത ശേഷം ഒടിപി വിവരങ്ങൾ റീ ഡയറക്‌ട് ചെയ്ത് തട്ടിപ്പ് നടത്താൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. 

വാട്‌സ്‌ആപ്പ് പോലുള്ള സർവീസുകൾ ലോഗിൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ലിങ്കുകളും സുരക്ഷിതമല്ല. ഇവയും ഹാക്ക് ചെയ്യപ്പെടാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ശ്രദ്ധ കുറവുകൾ ഹാക്കർമാർ ചൂഷണം ചെയ്‌തെന്ന് വരാം. ഉപഭോക്താവ് അറിയാതെ ടെക്‌സ്റ്റ് മെസേജിങ് മാനേജ്‌മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്താനുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

മദർബോർഡ് റിപ്പോർട്ടർ ജോസഫ് കോക്‌സിന് ഉണ്ടായ അനുഭവമാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. ഹാക്കർ എളുപ്പത്തിൽ എസ്‌എംഎസ് റീഡയറക്‌ട് ചെയ്യുകയും വിവരങ്ങൾ ചോർത്തുകയും ചെയ്തതാണ് പുതിയ തരത്തിലുള്ള സൈബർ ആക്രമണത്തിന്റെ അപകട സാധ്യത പുറത്തു കൊണ്ടുവന്നത്. തന്റെ എസ്‌എംഎസ് ഹാക്ക് ചെയ്യപ്പെട്ട കാര്യം കോക്‌സ് അറിയാതെയാണ് തട്ടിപ്പ് നടന്നത്. കമ്പനി നൽകുന്ന സർവീസിനെ കുറിച്ച്‌ മുൻകൂട്ടി അറിയിക്കാതെ എസ്‌എംഎസ് ആയി സന്ദേശം അയച്ചാൽ ഉണ്ടാകാനിടയുള്ള അപകട സാധ്യതയാണ് പുറത്തുവന്നത്. അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് കഴിഞ്ഞാൽ പാസ്‌വേർഡ് പോലും റീസെറ്റ് ചെയ്യാൻ സാധിക്കില്ല. വാട്‌സ്‌ആപ്പിൽ ചാറ്റുകൾ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ പോലും ചോർത്തിയെന്നും വരാം. ഹാക്കർമാർ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

എസ്‌എംഎസ് റീഡയറക്ഷൻ സേവനത്തിന് സേവനദാതാക്കൾ നിസാര തുകയാണ് ഈടാക്കുന്നത്. ബിസിനസ് ഇടപാടുകൾക്കാണ് സാധാരണ നിലയിൽ ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇത് ചൂഷണം ചെയ്യാൻ ഹാക്കർമാർക്ക് സാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടു ഫാക്ടർ ഓതന്റിക്കേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരു പരിധി വരെ ഇതിനെ തടയാൻ സഹായകമാകും. ഇമെയിൽ വഴി ഒടിപി അയക്കുകയാണെങ്കിലും സുരക്ഷാ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

Related Articles