അമൂല്യ പുരാവസ്തു തിരിച്ചു കിട്ടി; ഫറോവ അമെനെമോപ്പിൻ്റെ സ്വർണ്ണ ബ്രേസ്‌ലെറ്റിൻ്റെ പഴക്കം 3000 വർഷം

  • 19/09/2025

ഈജിപ്ഷ്യൻ മ്യൂസിയത്തിൽ നിന്നും നഷ്ടമായ 3000 വർഷം പഴക്കമുള്ള സ്വർണ്ണ ബ്രേസ്‌ലെറ്റ്‌ ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ്. പഴക്കവും പാരമ്പര്യവും വ്യത്യസ്തമാക്കിയിരുന്ന ഈ ബ്രേസ്‌ലെറ്റ്‌ ഉരുക്കിയ രൂപത്തിലാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈജിപ്തിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്ന പ്രധാനപ്പെട്ട പുരാവസ്തുക്കളിൽ ഒന്നായിരുന്നു ഈ ബ്രേസ്‌ലെറ്റ്‌.


ബി സി 1000ൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറോവയായ അമെനെമോപ്പിൻ്റെ കൈകളിൽ ധരിച്ചിരുന്നതായിരുന്നു ഈ സ്വർണ്ണ ബ്രേസ്‌ലെറ്റ്‌ എന്നാണ് കണക്കാക്കപ്പെടുന്നത്. ഏതാണ്ട് 194,000 ഈജിപ്ഷ്യൻ പൗണ്ട് (4,000 ഡോളർ) വിലമതിക്കുന്ന പുരാവസ്തു കണ്ടെത്താൻ കഴിഞ്ഞത് ഈജിപ്തിന് ആശ്വാസകരമായിട്ടുണ്ട്. ബ്രേസ്‌ലെറ്റ്‌ കാണാതായതായി സെപ്റ്റംബർ 9നായിരുന്നു ഈജിപ്ഷ്യൻ പുരാവസ്തു-ടൂറിസം മന്ത്രാലയം അറിയിച്ചത്. മ്യൂസിയത്തിലെ ലബോറട്ടറിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു മോഷണം.

ബ്രേസ്‌ലെറ്റ്‌ മോഷ്ടിക്കപ്പെട്ടതായി മനസ്സിലാക്കിയതിന് പിന്നാലെ ലബോറട്ടറിയിലെ പുരാവസ്തുക്കൾ അവലോകനം ചെയ്യുന്നതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. അമൂല്യ പുരാവസ്തു വിദേശത്തേയ്ക്ക് കടത്തിയാലോ എന്ന ഭയത്തെ തുടർന്ന് കാണാതായ ബ്രേസ്‌ലെറ്റിൻ്റെ ചിത്രങ്ങൾ ഈജിപ്തിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികളിലെ ക്രോസിംഗുകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ഈ നിലയിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിലാണ് ഈജിപ്ഷ്യൻ ആഭ്യന്തരമന്ത്രാലയം മോഷണം കണ്ടെത്തിയിരിക്കുന്നത്.

ഒരു മ്യൂസിയം പുനരുദ്ധാരണ വിദഗ്ദ്ധനാണ് അപൂർവ്വ പുരാവസ്തു മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. അദ്ദേഹം പുരാവസ്തു ഒരു വെള്ളി വ്യാപാരിക്ക് വിൽക്കുകയും തുടർന്ന് വ്യാപാരി അത് കെയ്‌റോയിലെ ആഭരണ നിർമ്മാണ ഷോപ്പ് ഉടമയ്ക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് ഇയാൾ അത് ഒരു സ്വർണ്ണ ഉരുക്കുകാരന് വിൽക്കുകയും അവർ അത് മറ്റ് വസ്തുക്കളുമായി ചേർത്ത് പുനർനിർമ്മിച്ചുവെന്നുമാണ് റിപ്പോർട്ട്. ഈജിപ്തിൻ്റെ വിദേശ വരുമാനത്തിൻ്റെ സുപ്രധാന സ്രോതസ്സായ ടൂറിസത്തിൻ്റെ ഒരു പ്രധാന ആകർഷണമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം നവംബറിൽ തുറക്കാനിരിക്കെയാണ് 3000 വർഷം പഴക്കമുള്ള പുരാവസ്തു ഈ നിലയിൽ നഷ്ടമായിരിക്കുന്നത്. ഈജിപ്തിൻ്റെ പുരാതന പൈതൃകത്തിന്റെ കേന്ദ്രമായ ഗിസ പിരമിഡുകൾക്ക് സമീപമാണ് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഒരുങ്ങുന്നത്.

Related Articles