ന്യൂഡൽഹി: രാമായണകഥയിൽ പരാമർശിക്കുന്ന ഇന്ത്യയിലെയും നേപ്പാളിലെയും സുപ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് റെയിൽവേ ടൂറിസം വകുപ്പ് തീർഥയാത്രയൊരുക്കുന്നു. അയോധ്യ മുതൽ ഭദ്രാചലം വരെ നീളുന്ന 18 ദിവസത്തെ യാത്രയാണ് ഐആർസിടിസി ആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ‘ദേഖോ അപ്നാ ദേശ്’ പദ്ധതിയുടെ ഭാഗമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ഏർപ്പെടുത്തുന്ന രാമായണ എക്സ്പ്രസിൽ 600 പേർക്ക് യാത്ര ചെയ്യാം.ജൂൺ 21 നു ന്യൂഡൽഹിയിലെ സഫ്ദർജങ് സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന എസി ട്രെയിൻ അയോധ്യയിലെ രാമജന്മഭൂമി, ഹനുമാൻ ക്ഷേത്രം, നന്ദിഗ്രാമിലെ ഭരത മന്ദിർ, ബക്സറിലെ വിശ്വാമിത്ര ഘട്ട്, സീതയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കുന്ന സീതാമർഹി എന്നിവിടങ്ങൾ സന്ദർശിക്കും. തുടർന്ന് നേപ്പാളിലെ ജനക്പുരിലുള്ള രാം ജാനകി ക്ഷേത്രത്തിലേക്ക് റോഡ് മാർഗമാണ് പോകുന്നത്. മടങ്ങിയെത്തിയ ശേഷം വാരാണസി, പ്രയാഗ് എന്നിവിടങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്തും. റോഡ് മാർഗം ശൃംഗർപുറും ചിത്രകൂടും സന്ദർശിക്കും.തുടർന്ന് സഞ്ചാരികൾ നാസിക്ക്, പഞ്ചവടി, കിഷ്കിന്ധ എന്നിവിടങ്ങളിലെത്തും. തെക്ക് കാഞ്ചീപുരം, ഭദ്രാചലം, ധനുഷ്കോടി എന്നിവിടങ്ങളിലെ പ്രധാനക്ഷേത്രങ്ങളും പൗരാണിക കേന്ദ്രങ്ങളും സന്ദർശിച്ചശേഷം രാമേശ്വരത്തു യാത്ര അവസാനിപ്പിക്കും. 18–ാം ദിവസം ഡൽഹിയിൽ തിരിച്ചെത്തുന്നതിനകം സഞ്ചാരികൾ 8,000 കിലോമീറ്റർ പിന്നിടും. 62,370 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യത്തെ 100 ബുക്കിങ്ങിന് 10% ഇളവുണ്ട്. യാത്രക്കാർക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും ഐആർസിടിസി അറിയിച്ചു. ഭാരത് ഗൗരവ് യാത്രയിലെ രണ്ടാമത്തെ ട്രെയിനും ഉടനുണ്ടാകും. അത്യാഡംബര ട്രെയിനായ മഹാരാജ എക്സ്പ്രസ് 2 വർഷത്തിനുശേഷം പുനരാരംഭിക്കാനും ഐആർസിടിസി തീരുമാനിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?