രാജ്യത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 20 കോടി രൂപയുടെ ധനസഹായവുമായി ഹ്യുണ്ടായി രംഗത്ത്

  • 04/05/2021

ന്യൂ ഡെൽഹി: പ്രമുഖ വാഹന നിർമാതാക്കളായ ഹ്യുണ്ടായി രാജ്യത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി രംഗത്ത്. 20 കോടി രൂപയുടെ ധനസഹായമാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഫൗണ്ടേഷന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹ്യുണ്ടായി കെയേഴ്‌സ് 3.0-യുടെ ഭാഗമായി അധിക സംവിധാനങ്ങളും ഹ്യുണ്ടായി നൽകുമെന്നാണ് സൂചന.

ഡെൽഹി, മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കായാണ് ഹ്യുണ്ടായി അടിയന്തര സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രികൾ കേന്ദ്രീകരിച്ച്‌ ഓക്‌സിജൻ ജനറേറ്റിങ്ങ് പ്ലാന്റുകൾ സ്ഥാപിക്കാനുള്ള സംവിധാനങ്ങളും പുരോഗമിക്കുകയാണെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. 

കൂടാതെ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന ആശുപത്രി ജീവനക്കാരെ സഹായിക്കുന്നതിനായി ഹ്യുണ്ടായി മെഡികെയർ സംവിധാനങ്ങളും നൽകുന്നുണ്ട്. ഗ്രാമീണ മേഖലയിൽ മെഡിക്കൽ യൂണിറ്റുകൾ സ്ഥാപിക്കുകയും ടെലിമെഡിക്കൽ ക്ലിനിക്കുകൾ ഒരുക്കുകയും ചെയ്യും.

ഈ കൊറോണ കാലത്ത് രാജ്യം കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പരസ്പര പിന്തുണ ഉറപ്പാക്കുകയാണ് വേണ്ടതെന്നും ഇതിന്റെ ഭാഗമായാണ് കൊറോണ രൂക്ഷമായിട്ടുള്ള സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും പിന്തുണ ഒരുക്കാൻ ഹ്യുണ്ടായി മുന്നിട്ടിറങ്ങുന്നതെന്നും ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി വ്യക്തമാക്കുന്നു.

Related Articles