190 രാജ്യങ്ങളിൽ റിലീസ്; മണിക്കൂറുകൾക്കകം ജ​ഗമേ തന്തിരത്തിൻറെ വ്യാജൻ ടെല​ഗ്രാമിൽ

  • 18/06/2021

ചെന്നൈ: നെറ്റ്ഫ്‌ളിക്‌സ് വഴി 190 രാജ്യങ്ങളിൽ റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുംമുൻപെ ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രം ജ​ഗമേ തന്തിരത്തിന്റെ വ്യാജപതിപ്പുകൾ ഇറങ്ങി. ടെല​ഗ്രാമിലൂടെയാണ് ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് ഒന്നിന് തീയറ്ററുകളിൽ എത്തേണ്ട ചിത്രമായിരുന്നു ജഗമേ തന്തിരം. എന്നാൽ കൊറോണ പ്രതിസന്ധിയിൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിത കാലത്തേക്ക് നീളുകയായിരുന്നു. ഒരു വർഷത്തിന് മുകളിലുള്ള കാത്തിരിപ്പിന് ശേഷമാണ് ഇന്ന് 190 രാജ്യങ്ങളിലായി നെറ്റ്ഫ്‌ളിക്‌സിലൂടെ​ ചിത്രം റിലീസായതും.

ധനുഷ് സുരുളി എന്ന കഥാപാത്രമായി എത്തുന്ന ജ​ഗമേ തന്തിരം ​ഗ്യാങ്സ്റ്റർ ചിത്രം കൂടിയാണ്. ധനുഷിന്റെ നാൽപ്പതാമത്തെ സിനിമയാണിത്. മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ജോജുവിന്റെ എതിരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ജെയിംസ് കോസ്‌മോ വേഷമിടുന്നത്. ട്രോയ്, ബ്രേവ് ഹാർട്ട് തുടങ്ങിയ ചിത്രങ്ങളിലും ഗെയിം ഓഫ് ത്രോൺസ് സീരിസിലെ കമാണ്ടർ മോർമോണ്ടായി അഭിനയിച്ച്‌ ശ്രദ്ധ നേടിയ താരവുമാണ് ജെയിംസ്. ലണ്ടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ജഗമേ തന്തിരത്തിൽ ശിവദാസ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തെയാണ് ജോജു ജോർജ്ജ് അവതരിപ്പിക്കുന്നത്.

ഒരു നിര ഹിറ്റ് ഷോർട്ട് ഫിലിമുകളിലൂടെയാണ് കാർത്തിക് സുബ്ബരാജ് എന്ന പേര് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 'പിസ്സ'യിലൂടെ സിനിമാ സംവിധാനത്തിലേക്ക് എത്തുകയും പിന്നീട് ജിഗർതണ്ട, ഇരൈവി, മെർക്കുറി, പേട്ട എന്നീ ചിത്രങ്ങളിലൂടെ തമിഴിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമ്മാണം.

Related Articles