മഞ്ജുവാര്യർ ചിത്രം 'ചതുർമുഖം' ബിഫാൻ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്

  • 01/07/2021

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറർ സിനിമയായ 'ചതുർമുഖം' ഇരുപത്തിഅഞ്ചാമത് ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലിൽ ഉള്ളത്. പ്രഭു സോളമന്റെ 'ഹാത്തി മേരാ സാത്തി', മിഹിർ ഫഡ്‌നാവിസിന്റെ ച്യൂയിങ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ. വേൾഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുർമുഖം പ്രദർശിപ്പിക്കുന്നത്.

ദി വെയ്‌ലിങ് എന്ന കൊറിയൻ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും 'ഷട്ടർ' എന്ന ഹൊറർ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസൻതനാകുനും ചേർന്നൊരുക്കിയ 'ദി മീഡീയം' ഉൾപ്പടെ 47 രാജ്യങ്ങളിൽ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

രഞ്ജീത് കമല ശങ്കർ, സലിൽ വി. എന്നീ നവാഗതർ സംവിധാനം ചെയ്ത ചതുർമുഖം ഏപ്രിൽ എട്ടിനാണ് റിലീസായത്. കോവിഡ് പ്രതിസന്ധി നിലനിൽക്കേ തന്നെ റിലീസായ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം തന്നെ നേടിയെടുക്കുകയും ചെയ്തിരുന്നു. മഞ്ജുവാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം നിർവഹിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്.

ബിഫാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള മറ്റുചില അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിലെ പ്രദർശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തിൽ 'ചതുർമുഖം' സീ5 എച്ച്‌ഡി എന്ന ഒടിടി പ്ലാറ്റ് ഫോമിൽ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles