മണിയാശാനെ കണ്ടപ്പോള്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി: ഇന്ദ്രന്‍സ്

  • 22/08/2021



തിരുവനന്തപുരം: തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ ഇന്ദ്രന്‍സ്. മുന്‍മന്ത്രി എം എം മണിയുമായി സാമ്യമുള്ള ഒരു കഥാപാത്രം ഇന്ദ്രന്‍സ് ചെയ്തിട്ടുണ്ട്. മിഥുന്‍ മാനുവല്‍ ചിത്രം ആടില്‍ ഇടുക്കി ഹൈറേഞ്ചിലെ കമ്യൂണിസ്റ്റ് നേതാവായ പി.പി. ശശി എന്ന കഥാപാത്രമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം എംഎം മണിയെ നേരില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ്.

'അപ്രതീക്ഷിതമായി കട്ടപ്പനയിലെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് മണി ആശാന്‍ (എം.എം. മണി) അവിടെ ഉണ്ട് എന്ന് അറിയുന്നത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ദൂരേ നിന്ന് ഓടിവന്ന് എന്നെ കെട്ടിപിടിച്ചപ്പോഴാണ് സമാധാനമായത്. സിനിമ അദ്ദേഹം വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. മുഖം നോക്കാതെ സംസാരിക്കുന്ന ആളാണ് എന്ന് അറിയുന്നതുകൊണ്ടാണ് ഭയം തോന്നിയത്' എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

മനസിനുള്ളില്‍ രാഷ്ട്രീയമുണ്ടെന്നും അത് മമ്മൂക്ക പറഞ്ഞ അതേ രാഷ്ട്രീയം തന്നെയാണെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. അത് എനിക്ക് വലിയ ഇഷ്ടം തോന്നിയ കാര്യമാണെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. 'നമ്മള്‍ നില്‍ക്കുന്നത് എല്ലാവരുടെയും പിന്തുണയോടെയാണ്. അപ്പോള്‍ നമുക്ക് വ്യക്തിപരമായ കാര്യങ്ങള്‍ നമ്മളുടെ ഉള്ളില്‍ ഇരിക്കട്ടെ. ആരെയും നോവിക്കാതെ നമുക്ക് നമ്മുടെ രാഷ്ട്രീയം വേണം. നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണം. മനസില്‍ ഇടതുപക്ഷത്തോടാണ് ഇഷ്ടം'. പക്ഷെ ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയം സിനിമയാണെന്നും ഇന്ദ്രന്‍സ് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

Related Articles