ഒടിടി ഒരു താൽക്കാലിക പ്രതിഭാസമാണ്; മരയ്ക്കാർ ഒടിടിയിൽ റിലീസ് ചെയ്യില്ല: പ്രചാരണം തെറ്റാണെന്ന് തിയേറ്ററുടമകള്‍

  • 23/10/2021



കൊച്ചി: മോഹൻലാൽ-പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് തിയേറ്ററുടമകൾ. ചിത്രത്തിന്റെ തിയേറ്റർ റിലീസ് സംബന്ധിച്ച് തങ്ങൾക്ക് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി.

2020 ഏപ്രിൽ മാസത്തിൽ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് മരയ്ക്കാർ. കൊറോണ പ്രതിസന്ധിമൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു.

ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യുന്നതിലെ ആശങ്ക നിർമാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തിയേറ്റർ ഉടമകൾ പറഞ്ഞു.

'മരയ്ക്കാർ ഒഴികെ സമീപകാലത്ത് നിർമിക്കപ്പെട്ട മിക്ക ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഒടിടി ഒരു താൽക്കാലിക പ്രതിഭാസമാണ്. അതിലേക്ക് കൂടുതൽ സിനിമകൾ ഇനി പോകില്ല. ബിഗ് സ്ക്രീനിനെ ധിക്കരിച്ച് സിനിമയ്ക്ക് നിലനിൽക്കാൻ കഴിയില്ല. താൽക്കാലിക പ്രതിസന്ധി മറികടക്കാൻ കുറച്ച് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്തുവെന്ന് മാത്രം.

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയും മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ട്വൽത്ത്മാനും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി ഉണ്ടാക്കിയ ചിത്രങ്ങളാണ്. അഞ്ചോ പത്തോ ദിവസങ്ങൾകൊണ്ടുണ്ടാക്കുന്ന ചിത്രങ്ങൾക്ക് തിയേറ്ററിൽ ഭാവിയില്ല. അവ ഒടിടി ചിത്രങ്ങളാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു'- തിയേറ്ററുടമകൾ കൂട്ടിച്ചേർത്തു.

Related Articles