മരയ്ക്കാർ റിലീസ്; തിയേറ്ററുടമകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത: സംഘടനയിൽ നിന്ന് രാജിവയ്ക്കാൻ ആന്റണി പെരുമ്പാവൂർ

  • 30/10/2021


കൊച്ചി: മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. അത്രയും തുക നൽകാനാവില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കിയതായാണ് വിവരം. കൊച്ചിയിൽ സംഘടനയുടെ യോഗം നടക്കുകയാണ്.

തിയേറ്റർ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകൾ ചെയ്യാമെന്ന് തിയേറ്ററുടമകൾ വ്യക്തമാക്കി. പണം ഡിപ്പോസിറ്റായി നൽകാൻ തയ്യാറാണെന്ന് തിയേറ്ററുടമകൾ സമ്മതിച്ചു.

സംഘടനയിൽ നിന്ന് രാജിവയ്ക്കാൻ ആന്റണി പെരുമ്പാവൂർ സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. 2017 ൽ സംഘടന രൂപീകരിച്ചത് മുതൽ ഫിയോക്കിന്റെ ഉപാധ്യക്ഷനാണ് ആന്റണി പെരുമ്പാവൂർ.

ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്ക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളിൽ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു. 

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തിയേറ്ററുകൾ തുറന്നത്. എന്നാൽ ജനപങ്കാളിത്തമില്ല. മിക്ക തിയേറ്ററുകളിലും ഷോകൾ റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. മരയ്ക്കാർ പോലൊരു ചിത്രം റിലീസിനെത്തിയാൽ പ്രേക്ഷകർ കൂടുതലെത്തുമെന്ന പ്രതീക്ഷയിലാണ് തിയേറ്ററുടമകൾ.

Related Articles