മെറ്റ എന്ന പേര് ഫേസ്ബുക്ക് മോഷ്ടിച്ചത്: ആരോപണവുമായി ചിക്കാഗോ ടെക് കമ്പനി കോടതിയിലേക്ക്

  • 08/11/2021


വാഷിംഗ്ടൺ: മെറ്റയെന്നത് തങ്ങളുടെ പേര് ആണെന്നും ഫേസ്ബുക്ക് അത് മോഷ്ടിച്ചെന്നും കാണിച്ച് ചിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക് കമ്പനി കോടതിയിലേക്ക്. മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത് വാങ്ങാനാകാതിരുന്ന ഫേസ്ബുക്ക് മാധ്യമങ്ങളിലൂടെ തങ്ങളെ തമസ്‌കരിക്കാൻ ശ്രമിക്കുകയാണെന്ന് മെറ്റ കമ്പനിയുടെ സ്ഥാപകൻ നാറ്റെ സ്‌കൂലിക് അവകാശപ്പെട്ടു. 

ഒക്‌ടോബർ 28 നാണ് ഫേസ്ബുക്ക് പേര് കൈവശപ്പെടുത്തിയതെന്നും പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമെന്ന കമ്പനിയെന്ന നിലയിൽ ഈ പ്രവൃത്തിയിൽ തങ്ങൾക്ക് അതിശയമില്ലെന്നും സ്‌കൂളിക് പറഞ്ഞു. സംഭവത്തിൽ ഫേസ്ബുക്കിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മുമ്പ് ഫേസ്ബുക്ക് എന്നറിയപ്പെട്ട മെറ്റ കമ്പനി ആരോപണത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒക്‌ടോബർ 28 നാണ് ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് മെറ്റ (META) എന്ന് പേരിമാറ്റിയത്. ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകൾ അങ്ങനെ തന്നെ തുടരുകയാണ്. മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്. ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്പനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. 

അതിനാലാണ് പേര്മാറ്റമെന്നും ഇപ്പോൾ നമ്മുടെ പേര് ഒരു ഉത്പന്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്നും എന്നാൽ മെറ്റവേഴ്സ് കമ്പനിയാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സക്കർബർഗ് പറഞ്ഞിരുന്നു. മെറ്റ എന്നാൽ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷിൽ ബിയോണ്ട് അഥവാ അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നർഥം. ഈ വാക്ക് ഉപയോഗിച്ചത് വഴി നമ്മുടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles