അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയായി റഷ്യയുടെ സാറ്റലൈറ്റ് വേധ മിസൈൽ പരീക്ഷണം

  • 16/11/2021



സ്പേസ് സ്റ്റേഷൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയായി റഷ്യയുടെ സാറ്റലൈറ്റ് വേധ മിസൈൽ പരീക്ഷണം. പരീക്ഷണത്തിൽ നിന്നുണ്ടായ അവശിഷ്ടങ്ങൾ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ പ്രവേശിച്ചതോടെയാണ് ബഹിരാകാശ നിലയം അപകടത്തിലായത്. അടിയന്തര സാഹചര്യം നേരിടാനായി ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന ആസ്ട്രനോട്ടുകളും കോസ്മോനോട്ടുകളും യാത്രാ പേടകങ്ങളുടെ അകത്തേക്ക് കയറേണ്ടി വന്നു. 

ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രിയോടെയാണ് ബഹിരാകാശ നിലയത്തിലെ യാത്രക്കാരെയും നാസയടക്കമുള്ള ബഹിരാകാശ ഏജൻസികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന തരത്തിൽ ചില സാറ്റലൈറ്റ് അവശിഷ്ടങ്ങൾ നിലയത്തിനടുത്ത് കൂടി കടന്ന് പോയത്. 90 മിനുട്ടിനുള്ളിൽ പല തവണ ഈ അവശിഷ്ടങ്ങൾ നിലയത്തിനടുത്ത് കൂടി കടന്ന് പോയി. 

റഷ്യ നടത്തിയ ഒരു സാറ്റലൈറ്റ് വേധ മിസൈലിന്‍റെ പരീക്ഷണമാണ് അവശിഷ്ടങ്ങളുണ്ടാക്കിയത്. കോസ്മോസ് 1408 എന്ന 1982ൽ വിക്ഷേപിച്ച ഉപഗ്രഹമാണ് റഷ്യ മിസൈൽ പരീക്ഷണത്തിന്‍റെ ഭാഗമായി തകർത്തത്. ഈ അവശിഷ്ടങ്ങൾ ഏറെക്കാലം താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ നിലനിൽക്കുമെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും മറ്റ് ഉപഗ്രങ്ങൾക്കും ചൈനീസ് ബഹിരാകാശ നിലയത്തിനും ഇത് ഭീഷണിയാണെന്നും വിദഗ്ധർ ആരോപിക്കുന്നു.

"റഷ്യയുടേത് ഉത്തരവാദിത്വ ബോധമോ വേണ്ടത്ര കരുതലോ ഇല്ലാത്ത നടപടിയായിപ്പോയെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചു.

രൂക്ഷമായ ഭാഷയിലാണ് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആസ്ട്രോനോട്ടുകളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലാണ് പരീക്ഷണം നടത്തിയത്. അമേരിക്കയുടെയും മറ്റ് സ്പേസ് സ്റ്റേഷൻ സഖ്യ രാജ്യങ്ങളുടെയും ബഹിരാകാശ സ‌ഞ്ചാരികളെ മാത്രമല്ല റഷ്യയുടെ സ്വന്തം കോസ്മനോട്ടുകളെയും അപകടത്തിലാക്കുന്ന നടപടിയാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം. 

നിലവിൽ ഏഴ് സഞ്ചാരികളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ഇതിൽ നാല് പേർ അമേരിക്കയുടെ ആസ്ട്രനോട്ടുകളാണ് ജർമ്മനിയിൽ നിന്നുള്ള ഒരു സഞ്ചാരിയും രണ്ട് റഷ്യൻ കോസ്മനോട്ടുകളും നിലയത്തിലുണ്ട്. 

എന്നാൽ നിലയത്തിന് യാതൊരു ഭീഷണിയുമില്ലെന്നും അവശിഷ്ടങ്ങൾ നിലയവുമായി കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതികരണം. 

Related Articles