സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ 'ജോനാസ്'ഉപേക്ഷിച്ച് പ്രിയങ്ക; നിക്കുമായി വേർപിരിയുന്നുവെന്ന് അഭ്യൂഹം

  • 23/11/2021

ബോളിവുഡിനും ഹോളിവുഡിനും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ​ഗായകൻ നിക് ജോനാസും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും ഇപ്പോൾ വേർപിരിയാനൊരുങ്ങുന്നുവെന്ന വാർത്തകളാണ് ചൂടുപിടിച്ച ചർച്ചയാകുന്നത്.

പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും നിക്കിന്റെ കുടുംബപേരായ ജോനസ് നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് പ്രിയങ്കയോട് അടുത്ത വൃത്തങ്ങൾ രം​ഗത്ത് വന്നിട്ടുണ്ട്. കൂടാതെ നിക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വർക്കൗട്ട് വീഡിയോയ്ക്ക് പ്രിയങ്ക നൽകിയ കമന്റും ഈ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ്.

2018 ഡിസംബർ ഒന്നിനാണ് ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിൽ വച്ച് ഇരുവരും വിവാഹിതരാകുന്നത്. 37 കാരിയായ പ്രിയങ്കയും 27 കാരൻ നിക്കും തമ്മിലുള്ള വിവാഹത്തിനെതിരേ നിരവധി വിമർശനങ്ങൾ വന്നിരുന്നുവെങ്കിലും അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കാൻ ഇരുവരും അനുവദിച്ചിരുന്നില്ല. എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് ജീവിതത്തിലെ മനോഹര നിമിഷങ്ങളും മറ്റും താരങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

'പുരുഷൻമാർക്ക് തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാം. പക്ഷേ സ്ത്രീകൾക്ക് ആയിക്കൂടാ. സമൂഹത്തിന്റെ ഇരട്ടത്താപ്പാണിത്. പുരുഷൻമാർ പകുതി പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാറുണ്ട്. എന്നാൽ ആരും അത് ശ്രദ്ധിക്കാറില്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല.

പ്രായ വ്യത്യാസം ഞങ്ങളുടെ പ്രണയത്തിന് തടസ്സമായില്ല. എന്നാൽ വിവാഹത്തിന് ഒരുങ്ങിയപ്പോൾ ചിലർ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. നിക്ക് എന്നോട് പറഞ്ഞു, അതൊന്നും കാര്യമാക്കേണ്ട, എല്ലാം ശരിയാകുമെന്ന്. അദ്ദേഹത്തിന് എന്നെ നന്നായി അറിയാം'- പ്രിയങ്ക പറഞ്ഞു. വിവാഹശേഷവും പ്രചരിച്ച ആരോപണങ്ങളോട് പ്രിയങ്ക ഒരിക്കൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

Related Articles