നടിയെ ആക്രമിച്ച കേസില്‍ വിധി വരട്ടെ: എന്നിട്ടേ ദിലീപിനൊപ്പം സിനിമയുള്ളൂ: ബി. ഉണ്ണികൃഷ്ണന്‍

  • 13/02/2022


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധിയുണ്ടായ ശേഷമേ ദിലീപിനൊപ്പം സിനിമ ചെയ്യുന്നതിനേകുറിച്ച് ചിന്തിക്കൂവെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയ്ക്ക് പിന്നാലെ മറ്റൊരു സിനിമയെക്കുറിച്ച് ആലോചന നടന്നിരുന്നുവെന്നും കേസിന് ശേഷം മാത്രമേ അത്തരമൊരു സിനിമയ്ക്ക് സാധ്യത ഉള്ളുവെന്നും താന്‍ അന്ന് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

‘ദിലീപിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇനി കേസ് തീര്‍ന്ന ശേഷം മാത്രമേ ദിലീപുമായി ഒരു സിനിമ ചെയ്യുകയുള്ളൂ. കോടതിസമക്ഷം ബാലന്‍വക്കീല്‍ എന്ന സിനിമ കഴിഞ്ഞ സമയത്ത് അത്തരമൊരു ആലോചന വന്നിരുന്നു. അന്ന് ഞാന്‍ കേസ് തീര്‍ന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. കേസില്‍ തീരുമാനം ഉണ്ടാകട്ടെ. അതിന് ശേഷം സാഹചര്യങ്ങള്‍ ഒത്തുവരുകയാണെങ്കില്‍ സിനിമ ചെയ്യാം,’ ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ ചെയ്യണമെങ്കില്‍ അതിനൊരു വിഷയം വേണമെന്നും സിനിമ ചെയ്യാന്‍ തോന്നിയാല്‍ മാത്രമേ അത് ചോദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ദിലീപും മറ്റ് പ്രതികളും ആലുവ കോടതിയില്‍ ഹാജരായിരുന്നു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ആലുവ കോടതിയില്‍ ഹാജരായത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ക്രൈം ബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യം ഒഴിവാക്കാനാണ് ദിലീപും കൂട്ടുപ്രതികളും കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവില്‍ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആള്‍ ജാമ്യവും ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നേരിട്ട് ഹാജരായത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതികള്‍ കോടതിയില്‍ പാസ്പോര്‍ട്ട് കെട്ടിവെച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് പി. ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഉപാധി ലംഘിച്ചാല്‍ അറസ്റ്റിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു.

Related Articles