‘റോക്കട്രി ദി നമ്പി എഫ്ക്ട്’ റിലീസിനൊരുങ്ങുന്നു

  • 16/02/2022




ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘റോക്കട്രി ദി നമ്പി എഫ്ക്ട്’ റിലീസിനൊരുങ്ങുന്നു. 2022 ഏപ്രിൽ ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റുകയായിരുന്നെന്ന് നിർമ്മാതാവ് ഡോ.വർഗീസ് മൂലൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജൂലായ് ഒന്നിന് ലോകവ്യാപകമായി ചിത്രം റിലീസിനെത്തും. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച് മലയാളം, തെലുഗ്, കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റം നടത്തിയ റോക്കട്രി സിനിമയിൽ നമ്പി നാരായണനായി മാധവനും, പ്രമുഖ നടന്മാരായി ഷാരൂഖ് ഖാനും, സൂര്യയും വേഷമിടുന്നു. സിമ്രാനാണ് മാധവന്റെ നായിക. 

മാധവനാണ് രചനയും സംവിധാനാവും നിർവ്വഹിക്കുന്നത്. ഫിലിസ് ലോഗൻ, വിൻസെന്റ് റിയോട്ട, റോൺ ഡൊനൈചെ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂർ, രവി രാഘവേന്ദ്ര, മിഷ ഘോഷാൽ,ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, ദിനേഷ് പ്രഭാകർ തുടങ്ങിയ ഇന്ത്യൻ താരങ്ങളും റോക്കട്രിയിൽ അണിനിരക്കുന്നു. 

പ്രമുഖ മലയാളി വ്യവസായിയായ ഡോ.വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്‌ച്ചേഴ്‌സും, ആർ.മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27 ഇൻവെസ്റ്റ്‌മെന്റ്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. 

ഒരേ സമയം ഏറ്റവും കൂടുതൽ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും ‘റോക്കട്രി.’ ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവ്.

വ്യാജ ചാരക്കേസിൽ ജീവിതം തകർന്ന് പോയ പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തിലെ സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും വൈറലായിരുന്നു. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളുടെ സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോഡയറക്ടറാണ്.

ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ്: ബിജിത്ത് ബാല, സംഗീതം: സാം സി.എസ്, പി.ആർ.ഒ : പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഇന്ത്യയിൽ പ്രമുഖ വിതരണ കമ്പനികളായ യുഎഫ്ഒ മൂവീസും എജിഎസ് സിനിമാസും ചേർന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസും ഫാർസ് ഫിലിംസ് കമ്പനി എന്നിവരാണ് റോക്കട്രീ സിനിമ ലോകരാജ്യങ്ങളിലെ തീയേറ്ററുകളിലും എത്തിക്കുന്നത്. 

37 വർഷങ്ങളായി ഭക്ഷ്യോൽപ്പന്ന നിർമാണത്തിലും എക്‌സ്‌പോർട്ട്ഇംപോർട്ട്‌വിതരണ രംഗങ്ങളിലും അനേക രാജ്യങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനോടൊപ്പം റീട്ടെയിൽ ചെയിൻ മാർക്കറ്റുകൾ, തുണിത്തരങ്ങൾ, ജൈവകൃഷി, മെഡിക്കൽ ടൂറിസം, ഇകൊമേഴ്‌സ് രംഗങ്ങളിലും തനതായ സ്ഥാനം നേടിയ വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ സിനിമ രംഗത്തേക്കുള്ള ഉറച്ച കാൽവെയ്പ്പാണ് 2017ൽ തുടങ്ങിയ റോക്കട്രി സിനിമയുടെ നിർമാണം. 

‘വിജയ് മൂലൻ ടാക്കീസ്’ ബാനറിൽ 2018ൽ റിലീസ് ചെയ്ത ‘ഓട് രാജാ ഓട്’ എന്ന തമിഴ് സിനിമ, വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ ആദ്യസിനിമാ സംരംഭമായിരുന്നു. സ്‌പൈസസ് മാർക്കറ്റിംഗ് രംഗത്ത് പല നേട്ടങ്ങളും കൈവരിച്ച ഡോ. വർഗീസ് മൂലൻ, സ്‌പൈസസ് ബോർഡിന്റെ മുൻ ദേശീയ വൈസ് ചെയർമാനും ഇപ്പോൾ സ്‌പൈസസ് ബോർഡ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. 

സൗദി അറേബ്യയിൽ 2001ൽ വിദേശനിക്ഷേപത്തിന് നിയമം പാസ്സാക്കിയപ്പോൾ, സൗദി ഇൻവെസ്റ്റ്‌മെന്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ഡോ. വർഗീസ് മൂലനാണ്. 201 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ, സൗജന്യ കിഡ്‌നി ട്രാൻസ്പ്ലാന്റുകൾ, ഡസൻ കണക്കിന് നിർദ്ധനർക്ക് വീടുകൾ, നൂറ് കണക്കിന് നിർദ്ധന വിവാഹങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ തുടങ്ങിയ പ്രവർത്തങ്ങളിലൂടെ വർഗീസ് മൂലൻസ് ഫൗണ്ടേഷൻ, ചാരിറ്റി രംഗത്തും സജീവമാണ്. ഡോ. വർഗീസ് മൂലന്റെ പ്രവാസജീവിതത്തിന്റെ 40ആം വാർഷികാഘോഷത്തോടനുബന്ധിച്ച്, 20,000 നിർദ്ധന കുടുംബങ്ങൾക്കുള്ള സൗജന്യ കിറ്റുകളുടെ വിതരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

Related Articles